മകളുടെ വിവാഹത്തിനെന്ന് പറഞ്ഞ് വാടകയ്ക്കെടുത്ത കാർ തിരികെ നൽകാതെ, ഉടമയെ ബോണറ്റിലിട്ട് കിലോമീറ്ററുകളോളം ഓടിച്ച് കൊലപ്പെടുത്താൻ ശ്രമം. ജിപിഎസ് ഉപയോഗിച്ച് കാർ കണ്ടെത്തിയ ഉടമയെയാണ് പ്രതിയായ തൃശ്ശൂർ സ്വദേശി അബൂബക്കർ അപായപ്പെടുത്താൻ ശ്രമിച്ചത്.  

തൃശൂർ: മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും പറഞ്ഞു കാർ വാടകയ്ക്ക് എടുത്തയാൾ കാർ തിരിച്ചു നൽകാതെ ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച് സിനിമ സ്റ്റൈലിൽ കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്ക് എടുത്ത തൃശ്ശൂർപോട്ടോർ അബൂബക്കർ(57) നെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളി രാവിലെ കടങ്ങോട് പഞ്ചായത്തിലെ തിപ്പിലശ്ശേരിയിൽ വച്ചായിരുന്നു സംഭവം. ജിപിഎസ് വെച്ച് ഇവിടെ കാറ് കണ്ടെത്തിയ ഉടമ ആലുവ സ്വദേശി സോളമൻ തന്റെ സുഹൃത്തായ ഒരു വർക്ഷോപ്പ് കാരനെയും കൊണ്ട് സ്ഥലത്ത് എത്തി കാർ തിരിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ അബൂബക്കർ വണ്ടി സ്റ്റാർട്ട് ആക്കുകയായിരുന്നു. തുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുൻവശത്തെ ബോണറ്റിൽ കിലോമീറ്ററുക ളോളം സോളമൻ തൂങ്ങിക്കിടന്നു.

തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ സമീപത്തുവച്ച് നാട്ടുകാരുടെ സഹായത്തോടെ വണ്ടി തടഞ്ഞു നിർത്തുകയും അബൂബക്കറിനെ പിടികൂടുകയുമായിരുന്നു. എറണാകുളത്ത് മെട്രോ പരിസരത്ത് കാർ വാടകയ്ക്ക് നൽകുന്ന സോളാറിന്റെ കയ്യിൽ നിന്നാണ് കഴിഞ്ഞ ഒക്ടോബർ 21ന് അബൂബക്കർ കാർ വാടകയ്ക്ക് എടുത്തത്. സോളമനിൽ നിന്നും കാർ വാടകയ്ക്ക് എടുത്ത അബൂബക്കർ തിപ്പലശ്ശേരിയിലുള്ള ഒരു സ്ഥലം കച്ചവടമാക്കി നൽകാമെന്നും അല്ലെങ്കിൽ കാർ വിൽപ്പന ചെയ്തു തരാം എന്നും സോളമനോട് പറഞ്ഞു.

തുടർന്ന് കാർ ലഭിക്കാതെ വന്നപ്പോൾ സോളമൻ ആലുവ ബിനാനി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അബൂബക്കർ തൃശ്ശൂരിലെ ഒരു സ്വകാര്യ വർക്ക് ഷോപ്പിൽ വച്ച് വണ്ടിയുടെ ജിപിഎസ് അഴിച്ചുമാറ്റാൻ ശ്രമിക്കുകയും, ഫോണിലേക്ക് മെസ്സേജ് വന്നതിനെ തുടർന്ന് സോളമൻ വർക്ക് ഷോപ്പ് ഉടമയെ ബന്ധപ്പെടുകയും പിന്നീട് കാറിനെ പിന്തുടരുകയും ആയിരുന്നു. അബൂബക്കർ കാറുമായി പെരിന്തൽമണ്ണയിൽ നിന്നും തിപ്പലശേ ശ്ശേരിയിൽ എത്തിയത് അറിഞ്ഞ് ജിപിഎസ് പ്രകാരം പിന്തുടർന്നാണ് കാർ പിടികൂടാൻ കഴിഞ്ഞത്. അബൂബക്കറിന്റെ അറസ്റ്റിനുശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവർ പരാതിയുമായി എത്തിയത്.