റോഡില്‍ പാര്‍ക്ക് ചെയ്ത ഒരു ബൈക്കിനെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത് വരെ എത്തി. 

ധ്യപ്രദേശിലെ നർസിംഗ്പൂരിൽ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ ത‍ർക്കത്തിന് പിന്നാലെ യുവാവും പോലീസും നടുറോട്ടിൽ ഏറ്റുമുട്ടി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നർസിംഗ്പൂരിലെ കരേലി പട്ടണത്തിലാണ് സംഭവം നടന്നത്. പോലീസുകാർ യുവാവിനെ തള്ളി മാറ്റുന്നതും പിന്നാലെ പോലീസുകാരന്‍ റോഡിലേക്ക് തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. അതിന് പിന്നാലെ ഒരു കൂട്ടം പോലീസുകാര്‍ ഓടിവരികയും യുവാവിനെ നടുറോട്ടില്‍ ഇടിച്ചും ചവിട്ടിയും താഴെ വീഴ്ത്തുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പ്രാദേശിക വ്യാപാരിയായ ദിപാൻഷു യാദവ് തന്‍റെ ബൈക്ക് ഒരു ബാങ്കിന് പുറത്ത് പാർക്ക് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വാഹനത്തിന്‍റെ ഉടമയെ അന്വേഷിക്കുന്നതിന് പകരും വാഹനം കൊണ്ടുപോകാന്‍ പോലീസുകാര്‍ ശ്രമിച്ചപ്പോൾ ദിപാന്‍ഷു തടയാന്‍ ശ്രമിച്ചു. എന്നാല്‍, പോലീസുകാര്‍ ദിപാന്‍ഷുവിനെ തള്ളി മാറ്റി വാഹനം കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ദിപാന്‍ഷു. പോലീസുകാരനെ കോളറിന് പിടിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇയാൾ റോഡില്‍ വീണതിന് പിന്നാലെ പല ഭാഗത്ത് നിന്നായി നാലഞ്ച് പോലീസുകാര്‍ ഓടിവരികയും ദിപാന്‍ഷുവിനെ നടുറോട്ടിലേക്ക് വലിച്ചിഴയ്ക്കുകയും മുഖത്തും തലയിലും ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

Scroll to load tweet…

നടുറോട്ടില്‍ വച്ച് പോലീസുകാര്‍ ഇയാളെ ക്രൂരമായി മ‍ർദ്ദിക്കുന്നത് കണ്ട് ചിലര്‍ ഓടിവന്നെങ്കിലും പോലീസ് അവരെ പിന്തിരിപ്പിച്ചു. പിന്നാലെ ദിപാന്‍ഷുവുമായി അവിടെ നിന്നും പോകാന്‍ ശ്രമിച്ചെങ്കിലും ദിപാന്‍ഷു അത് തടയാന്‍ വിഫലശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. സ്റ്റേഷനില്‍ വച്ച് സ്റ്റേഷൻ ഇൻ ചാർജ് പ്രിയങ്ക കെവാട്ടിന്‍റെ സാന്നിധ്യത്തിൽ പോലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദിപാന്‍ഷു പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. യുവാവ്, ആദ്യം പോലീസുകാരെ അക്രമിക്കുകയായിരുന്നെന്ന് പിന്നീട് പോലീസ് പറഞ്ഞു.

സംഭവത്തിന്‍റെ വീഡിയോ വൈറലായോടെ പ്രാദേശിക വ്യാപാരികളും താമസക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസിന്‍റെ മുൻ എംഎൽഎ സഞ്ജയ് ശർമ്മയുടെ നേതൃത്വത്തിൽ വ്യാപാരികൾ കരേലി പോലീസ് സ്റ്റേഷൻ വളയുകയും സംഭവത്തില്‍ ഉൾപ്പെട്ട പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ അഡീഷണൽ എസ്പി സന്ദീപ് ഭൂരിയ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുമെന്ന് അദ്ദേഹം പ്രതിഷേധക്കാരെ അറിയിച്ചു.