പെരിഞ്ഞനത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ: പെരിഞ്ഞനത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം ആശാരികയറ്റം സ്വദേശി ഇജാസ് (27), മതിലകം കൂളിമുട്ടം എമ്മാട് സ്വദേശി ഹാരിസ് (25) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്.
മൂന്നുപീടിക സ്വദേശി മുഹമ്മദ് അനസിൻ്റെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച കാറുമായി പോവുകയായിരുന്ന പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച രണ്ട് കാറുകളും പ്രതികളിൽനിന്ന് കണ്ടെടുത്തു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ്, ജെയ്‌സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, മുഹമ്മദ് ഫാറൂഖ്, ജ്യോതിഷ്, സിനോജ്, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


