തൃശൂർ പാലക്കാട് റൂട്ടിലോടുന്ന ഈ ബസ് കസ്റ്റഡിയിലെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി
തൃശൂർ: തൃശൂർ-പാലക്കാട് റൂട്ടിൽ (Thrissur Palakkad Route) ഡ്രൈവിംഗും ചാറ്റിംഗും (Driving and Chatting) ഒരുമിച്ച് നടത്തിയ ബസ് ഡ്രൈവറുടെ (Bus driver) അഭ്യാസം ക്യാമറയിലാക്കി അധികൃതരെ അറിയിച്ച് വീട്ടമ്മ. ബസ് ഓടിക്കുന്നതിനിടെ ഏറെ സമയവും മൊബൈലിൽ ചാറ്റിംഗും നടത്തിയതോടെയാണ് വീട്ടമ്മ ഇത് മൊബൈലിൽ പകർത്തിയത്. ഡ്രൈവറുടെ അഭ്യാസം തൊട്ട് പിന്നിലെ സീറ്റിലെ യാത്രികയായിരുന്ന വീട്ടമ്മ മൊബൈലിൽ പകര്‍ത്തി യുവജന ക്ഷേമ ബോര്‍ഡ് അംഗം ഷെനിൻ എംപിക്ക് കൈമാറുകയായിരുന്നു.
ദൃശ്യങ്ങളടക്കം നൽകി ഇദ്ദേഹം മോട്ടോർ വാഹന വകുപ്പിന് (Motor Vehicle Department) പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് വരുകയായിരുന്ന ശരണമയപ്പ ബസിന്റെ ഡ്രൈവറാണ് സാഹസികമായി ബസ് ഓടിച്ചത്. ബസ് പിടിച്ചെടുക്കാനും, ഡ്രൈവറുടെ ലൈസൻസ് റദ്ദുചെയ്യാനും തീരുമാനിച്ചു.
ദേശീയ പാതയിൽ വളരെ വേഗത്തിൽ ബസ് ഓടിക്കുമ്പോഴായിരുന്നു തിരക്കിട്ടുള്ള ചാറ്റിംഗും. ബസ് ഓടിക്കുമ്പോഴും ശ്രദ്ധ മുഴുവൻ മൊബൈലിലെ ചാറ്റ് ബോക്സിലായതോടെയാണ് വീട്ടമ്മ ഇത് പകർത്തിയത്. നിരവധി യാത്രക്കാരുമായി വേഗത്തിൽ പോകവെയായിരുന്നു ഡ്രൈവറുടെ അഭ്യാസം.
