വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റാംപ് സ്ഥാപിച്ചെങ്കിലും, ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി. ഈ സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
മലപ്പുറം: ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ പോലീസ് കേസെടുത്തു. ചേലേമ്പ്ര സ്വദേശിയായ സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരിക്കുന്നത്. 80 ശതമാനം അംഗപരിമിതിയുള്ള സുബൈർ, റാംപ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. ഈ പ്രയാസം തുറന്നുകാട്ടിയാണ് സുബൈർ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിൽ റാംപ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ സുബൈറിനെതിരെ മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകി. ബഹളം വെച്ചു, ആശുപത്രിയിലെ ജോലി തടസ്സപ്പെടുത്തി, മെഡിക്കൽ ഓഫീസറോട് അപമര്യാദയായി പെരുമാറി, സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തി എന്നിങ്ങനെയുള്ള പരാതികളാണ് സുബൈറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഹെൽത്ത് കെയർ സർവീസ് പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് സുബൈറിനെതിരെ ചുമത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതിനെ ചോദ്യം ചെയ്ത വ്യക്തിക്കെതിരെ തന്നെ കേസെടുത്ത നടപടി വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.


