പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി നാളെ മന്ത്രി വീണാ ജോർജ് പ്രഖ്യാപിക്കും. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 ലക്ഷം രൂപ ചെലവഴിച്ച് ഒപി കെട്ടിടവും ലബോറട്ടറിയും നവീകരിച്ചിട്ടുണ്ട്.
കൊച്ചി: പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നാളെ (സെപ്റ്റംബർ 27) പ്രഖ്യാപിക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. രാവിലെ ഒൻപതിന് ഓൺലൈനായി മന്ത്രി പ്രഖ്യാപനം നടത്തും. കടമക്കുടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് ദ്വീപ് നിവാസികൾ ചികിത്സയ്ക്ക് ആശ്രയിക്കുന്നത്. പഞ്ചായത്തിലെ മാതൃശിശു സംരക്ഷണ പ്രവർത്തനങ്ങളും സാംക്രമിക രോഗപ്രതിരോധ പ്രവർത്തനങ്ങളും നിർവഹിക്കുന്നത് പ്രാഥമികാരോഗ്യ കേന്ദ്രമാണ്.
കൂടാതെ ദ്വീപ് നിവാസികളുടെ ചികിത്സാ സൗകാര്യാർത്ഥം ഒരു മെഡിക്കൽ ഡിസ്പെൻസറി ബോട്ട് സർവ്വീസ് ആഴ്ചയിൽ ആറ് ദിവസം രാവിലെ മുതൽ വൈകിട്ട് വരെ പ്രവർത്തിക്കുന്നുണ്ട്. പിഴല പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിൽ എൻഎച്ച്എമ്മിൻ്റെ കരാർ അടിസ്ഥാനത്തിൽ ഇടപ്പള്ളി ബ്ലോക്കിൻ്റെ സഹകരണത്തോടെയാണ് ബോട്ടിന്റെ പ്രവർത്തനം. പ്രധാന ദ്വീപുകളായ മൂലംപിള്ളി, വലിയ കടമക്കുടി, ചെറിയ കടമക്കുടി, മുറിക്കൽ, പാലിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കരിക്കാട്ട് തുരുത്ത് എന്നിവടങ്ങളിൽ ബോട്ടിന്റെ പ്രവർത്തനം ലഭ്യമാണ്.
സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 ലക്ഷം രൂപ ചെലവഴിച്ചു ഒപി കെട്ടിടവും ലബോറട്ടറിയും നവീകരിച്ചു. ലബോറട്ടറിയിൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുകയും, ഒപി ബ്ലോക്കിനോട് ചേർന്നു രോഗികൾക്ക് ഇരിക്കുന്നതിനായി കാത്തിരിപ്പ് കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്. ഒപി ബ്ലോക്ക് അറ്റകുറ്റ പണി നടത്തി നവീകരിച്ചു. പെയിന്റ് ചെയ്തു. ഫാർമസി കെട്ടിടം പുനരുദ്ധരിച്ചു. ഇവയെ ബന്ധിപ്പിച്ചു കൊണ്ട് മേൽക്കുരയുള്ള ഇടനാഴിയും നിർമ്മിച്ചു. ആർദ്രം മാനദണ്ഡപ്രകാരമുള്ള ബോർഡ് പ്രധാന ഗേറ്റിൽ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ രാവിലെ ഒമ്പത് മുതൽ ഒപി ചികിത്സ നടത്തുന്നുണ്ട്. ദിവസേന ശരാശരി 200 രോഗികൾ ചികിത്സയ്ക്കായി എത്തുന്നുണ്ട്. കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ ആർദ്രം മിഷൻ്റെ ഭാഗമായി നടന്ന് വരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.


