സത്യവാങ്മൂലത്തിൽ കേസുവിവരം മറച്ചുവെച്ചു; മുസ്ലിം ലീഗ് സ്വതന്ത്ര അംഗം അയോഗ്യന്‍; എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു
ബേക്കൽ പൊലീസ് സ്റ്റേഷനിലും ഹൊസ്ദുർഗ് കോടതിയിലും കേസുള്ള കാര്യം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് അബ്ബാസ് അലി കോടതിയെ സമീപിച്ചത്.

ഫോട്ടോ: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അബ്ബാസ് അലി ആസിഫ്
കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൽ കേസുള്ള കാര്യം മറച്ചുവെച്ചതിന് ഉദുമ ഗ്രാമപഞ്ചായത് 13ാം വാർഡായ അങ്കക്കളരിയിൽ പഞ്ചായത്ത് അംഗമായിരുന്ന മുസ്ലിം ലീഗ് സ്വതന്ത്രനെ അയോഗ്യനാക്കി. എൽഡിഎഫ് സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. 2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് എൽഡിഎഫിന് വേണ്ടി മത്സരിച്ച സിപിഎം സ്ഥാനാർഥി കെ എൻ അബ്ബാസ് അലി ആസിഫിനെ വിജയിയായി കാസർകോട് മുൻസിഫ് കോടതി പ്രഖ്യാപിച്ചത്.
ബേക്കൽ പൊലീസ് സ്റ്റേഷനിലും ഹൊസ്ദുർഗ് കോടതിയിലും കേസുള്ള കാര്യം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് അബ്ബാസ് അലി കോടതിയെ സമീപിച്ചത്. 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന മുഹമ്മദ് ഹാരിസ് അന്ന് ജയിച്ചത്. അബ്ബാസ് അലി ആസിഫ് വിജയിയായി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് കമീഷനും ഉദുമ ഗ്രാമപഞ്ചായത്തിനെയും അറിയിക്കാനും കോടതി ഉത്തരവിട്ടു. ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ 241/2019 നമ്പറിലും ഹോസ്‌ദുർഗ് ജെഎഫ്‌സിഎം കോടതിയിൽ സിസി 651/2019 നമ്പറിലും ഹാരിസിനെതിരെ കേസുള്ള കാര്യം മറച്ചുവെച്ചെന്ന വാദം കോടതിക്ക് ബോധ്യപ്പെട്ടു. പഞ്ചായത്തി രാജ് ചട്ടപ്രകാരം ക്രമിനൽ കേസുണ്ടെങ്കിൽ വെളിപ്പെടുത്തണം.
തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം അറിഞ്ഞ സിപിഎം സ്ഥാനാർഥി കെ എൻ അബ്ബാസ് അലി ആസിഫ് ഹർജി നൽകുകയായിരുന്നു. മൂന്ന് വർഷത്തോളമായുള്ള വിചാരണക്ക് ശേഷമാണ് കോടതി ഹാരിസിന്റെ വിജയം അസാധുവാക്കി അബ്ബാസ് അലി ആസിഫ് വിജയിയായി പ്രഖ്യാപിച്ചത്.
Read More.... റോഡിൽ കാർ പാർക്ക് ചെയ്തു, ചോദ്യം ചെയ്ത എസി മൊയ്തീൻ എംഎൽഎയെ തെറിവിളിച്ചു, പഞ്ചായത്ത് പ്രസിഡന്റിനടക്കം മര്‍ദനം
ബിജെപി സ്ഥാനാർഥി ആർ ബെജു കോടതിയിൽ വിചാരണക്ക് എത്തിയിരുന്നില്ല. 1800 ഓളം വോട്ടുള്ള വാർഡിൽ 1383 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ ഹാരിസ് അങ്കക്കളരിക്ക് 624 വോട്ടും അബ്ബാസ് അലി ആസിഫിന് 599 വോട്ടും ബിജെപിയിലെ ആർ ബൈജുവിന് 160 വോട്ടുമാണ് ലഭിച്ചിരുന്നത്. വാർഡിൽ ഒട്ടേറെ വികസന കാര്യങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും ഇലക്ഷൻ കമീഷനിൽ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത് അംഗമായി ചുമതലയേൽക്കുമെന്നും ബ്ബാസ് അലി ആസിഫ് കാസർകോട് വാർത്തയോട് പറഞ്ഞു. അബ്ബാസ് അലി ആസിഫിനായി കെ മഹാലിംഗ ഭട്ട് ഹാജരായി. സത്യവാങ്മൂലത്തിൽ കാര്യങ്ങൾ മറച്ചുവെച്ചതിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട ഹാരിസ് അങ്കക്കളരിക്ക് അപ്പീൽ പോയാലും അനുവദിക്കാനുള്ള സാധ്യത വിരളമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.