Asianet News MalayalamAsianet News Malayalam

അച്ഛനെ കൊന്ന് കുളത്തിൽ തള്ളിയ കേസ്: മകളും കാമുകനും കൂട്ടാളിയും കുറ്റക്കാര്‍

അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധര പണിക്കരാണ് (54) കൊല്ലപ്പെട്ടത്. 2013 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം. 

Case of killing father and throwing in pool Daughter lover and partner found guilty
Author
Kerala, First Published Aug 27, 2021, 10:01 PM IST

മാവേലിക്കര: അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകളും കാമുകനും കൂട്ടാളിയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധര പണിക്കരാണ് (54) കൊല്ലപ്പെട്ടത്. 2013 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം. 

ഒന്നാം പ്രതി കൃഷ്ണപുരം ഞക്കനാല്‍ മണപ്പുറത്ത് വീട്ടില്‍ റിയാസ് (37), രണ്ടാം പ്രതി റിയാസിന്റെ സുഹൃത്ത് സുഹൃത്ത് നൂറനാട് പഴഞ്ഞിയൂര്‍കോണം രതീഷ് ഭവനത്തില്‍ രതീഷ് (38) മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ കാമുകിയും കൊല്ലപ്പെട്ട ശശിധര പണിക്കരുടെ മൂത്തമകളുമായ ശ്രീജമോള്‍ (36) എന്നിവര്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302, 201, 120 (ബി) വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞതായി മാവേലിക്കര അഡി. ജില്ലാ ജഡ്ജി സി എസ് മോഹിത് വിധി പ്രസ്താവിച്ചു. 

ശിക്ഷ ഈ മാസം 31-ന് പ്രഖ്യാപിക്കും. റിയാസും ശ്രീജമോളും ദീര്‍ഘകാലമായി പ്രണയത്തില്‍ കഴിഞ്ഞു വരവേ റിയാസ് തൊഴില്‍ തേടി വിദേശത്ത് പോയപ്പോള്‍ ശ്രീജമോള്‍ തന്നോടൊപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹം കഴിച്ചു. അപ്പോഴും ശ്രീജമോളും റിയാസും തമ്മിലുള്ള ബന്ധം തുടര്‍ന്നു പോന്നു. ഇക്കാരണത്താല്‍ ശ്രീജിത്ത് ശ്രീജയില്‍ നിന്നും വിവാഹ മോചനം നേടി. 

ശ്രീജമോളും മകളും ശശിധരപ്പണിക്കര്‍ക്കൊപ്പം താമസമായി. റിയാസുമായുള്ള ശ്രീജമോളുടെ ബന്ധത്തെ ശശിധരപണിക്കര്‍ എതിര്‍ത്തു. അച്ഛനെ വകവരുത്താതെ തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്ന ശ്രീജമോള്‍, ശശിധരപണിക്കരെ കൊലപ്പെടുത്താന്‍ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി. ഒപ്പം ജോലി ചെയ്തിരുന്ന രതീഷിന്റെ സഹായം റിയാസ് തേടി. 

വിദേശത്തു നിന്ന് നാട്ടിലെത്തിയ രതീഷും റിയാസും 2013 ഫെബ്രുവരി 19-ന് ആലോചിച്ചുറപ്പിച്ച് ശശിധരപ്പണിക്കര്‍ക്ക് മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി. ഫെബ്രുവരി 23 ന് രാത്രി എട്ടിന് റിയാസും രതീഷും ശശിധരപണിക്കരെ പടനിലത്ത് കരിങ്ങാലി പുഞ്ചയുടെ ഓരത്ത് വിജനമായ സ്ഥലത്തെത്തിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി. എന്നിട്ടും മരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ റിയാസും രതീഷും കല്ലു കൊണ്ട് ശശിധരപ്പണിക്കരുടെ തലക്കടിച്ചും പിച്ചാത്തി ഉപയോഗിച്ച് കുത്തിയും കൊലപ്പെടുത്തി. 

മൃതദേഹം സമീപത്തെ കുളത്തില്‍ തള്ളി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. ഫെബ്രുവരി 26-ന് മൃതശരീരം സമീപവാസികള്‍ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. നൂറനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശശിധരപണിക്കരുടെ കുടുംബാംഗങ്ങള്‍ സംശയമില്ലെന്നാണ് അന്ന് മൊഴി നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതക സൂചന നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സോളമന്‍ ഹാജരായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios