പണം നല്‍കിയില്ലെങ്കില്‍ കെട്ടിട നിര്‍മാണം തടയുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ബിജെപി ജില്ലാ നേതാവ് പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും പരാതിയിലുണ്ട്.
കൊച്ചി: കെടിട്ട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മാധ്യമ പ്രവര്‍ത്തകനും ബിജെപി ജില്ലാ നേതാവിനുമെതിരെ കേസ്. കൊച്ചിയിലെ മാധ്യമ പ്രവര്‍കന്‍ ശ്യാം, ബിജെപി ജില്ലാ നേതാവ് ബാലചന്ദ്രൻ, എന്നിവര്‍ക്കെതിരെ എളമക്കര പൊലീസ് കേസെടുത്തു. കൊച്ചി എളമക്കര സ്വദേശി കെ. ശ്രീനിവാസനാണ് പരാതിക്കാരന്‍.
താൻ നിര്‍മ്മിക്കുന്ന കെട്ടിടത്തിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ ശ്യാം, പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ അഞ്ച് ലക്ഷം രൂപ ചോദിച്ചുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. പണം നല്‍കിയില്ലെങ്കില്‍ നിര്‍മാണം തടയുമെന്നും ഭീഷണിപ്പെടുത്തി. പരാതിയില്‍ ഇടപെട്ട കോര്‍പറേഷന്‍ കെട്ടിട നിര്‍മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കി. പ്രശ്നത്തില്‍ ഇടപെട്ട ബിജെപി ജില്ലാ നേതാവ് ബാലചന്ദ്രൻ ശ്യാമിന് പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും പരാതിയിലുണ്ട്.
അഞ്ച് ലക്ഷം രൂപയില്‍ കുറവ് വരുത്താന്‍ ബാലചന്ദ്രന്‍ ശ്യാമിനോട് ആവശ്യപ്പെടുന്ന ശബ്ദസംഭാഷണവും ശ്രീനിവാസന്‍ പുറത്തുവിട്ടു. എന്നാല്‍ ആരോപണം ശ്യാമും ബാലചന്ദ്രനും നിഷേധിച്ചു. വാര്‍ത്ത ചെയ്യുന്നതിന്‍റെ ഭാഗമായാണ് വിഷയത്തില്‍ ഇടപെട്ടതെന്നും വാര്‍ത്ത നല്‍കരുതെന്ന് അപേക്ഷിച്ച് തന്നെ വന്ന് കണ്ട ശ്രീനിവാസനാണ് ഒടുവില്‍ പരസ്യത്തിനെന്ന പേരില്‍ അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തതെന്നും ഇയാള്‍ പറയുന്നു. അല്‍പം കഴിഞ്ഞ് ബാലചന്ദ്രന്‍ വഴി 50,000 രൂപ കുറച്ചതാണെന്നുമാണ് ശ്യാമിന്റെ വാദം. അതേസമയം ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിട്ടാണ് പൊലീസ് കെസെടുത്തിട്ടുള്ളത്.
വീഡിയോ റിപ്പോര്‍ട്ട് കാണാം
Watch Video
അതേസമയം മറ്റൊരു സംഭവത്തില്‍ കഞ്ചാവ് കേസിൽ നിരപരാധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. എറണാകുളം ഏലൂർ സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയാണ് സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അയൂബ്, കെ ടി ജിജോ എന്നിവർക്കാണ് സസ്പെൻഷൻ നല്‍കിയിരിക്കുന്നത്. കഞ്ചാവ് കേസിലെന്ന പേരില്‍ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നിരപരാധിയായ വ്യക്തി പിന്നീട് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.
