മോഷിക്കുന്ന ബൈക്കുകളും സ്കൂട്ടറുകളും വിൽക്കുകയോ, മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലാണ് കൂടുതൽ മോഷണം.

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയില് ബൈക്ക് മോഷണം പതിവാകുന്നു. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ ഏറെയും. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പരിസരത്ത് നിന്ന് സ്കൂട്ടര് മോഷണം പോയതാണ് ഏറ്റവും ഒടുവിലത്തേത്. റെറെയിൽവേ സ്റ്റേഷന് സമീപത്തും പരിസരങ്ങളിലും നിർത്തിയിടുന്ന ബൈക്കുകളാണ് വിദഗ്ധമായി മോഷ്ടിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലാണ് കൂടുതൽ മോഷണം.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട പുതിയ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മംഗലാപുരത്ത് കോളേജ് വിദ്യാർത്ഥിയായ ഹാഷ്മി റഹ്മത്തുള്ളയുടെ KL 60 U 9499 ആക്സസ് സ്കൂട്ടറാണ് കള്ളൻ കൊണ്ട് പോയത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. 60 വയസോളം പ്രായം തോന്നിക്കുന്ന ഒരാൾ സ്കൂട്ടർ തള്ളിക്കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ.

മോഷിക്കുന്ന ബൈക്ക് വിൽക്കുകയോ, മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ ഉൾപ്പടെ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന.

Read also: ലുലു മാളിലെ പാക് പതാകയുമായി ബന്ധപ്പെട്ട പ്രചാരണത്തിലെ വാസ്തവം അതല്ല, ആ ചിത്രമാണ് പ്രശ്നം; വിശദീകരണവുമായി ലുലു

അതേസമയം മറ്റൊരു സംഭവത്തില്‍ ആലപ്പുഴയിൽ വയോധികയുടെ മാലകവർന്ന് കടന്ന മോഷ്ടാവിനെ സാഹസികമായി പിടികൂടിയിരുന്നു പായൽക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിൽ മൂരിപ്പാറ വീട്ടിൽ രഞ്ജിത്ത്കുമാറി (വേലു-48)നെയാണ് അമ്പലപ്പുഴ പൊലീസ് വാഹനം തടഞ്ഞ് വളഞ്ഞിട്ട് പിടികൂടിയത്. കഴിഞ്ഞമാസം 20 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 

പായൽകുളങ്ങര ക്ഷേത്രത്തിലെ ജീവനക്കാരിയായ ഓമനാമ്മ വീട്ടിലേക്ക് പോകുന്നവഴി എതിരെ സ്കൂട്ടറിൽ വരികയായിരുന്ന വേലു അമ്പലപ്പുഴ ഗാബീസ് പമ്പിനടത്തുവെച്ച് സ്വർണ്ണ മാല കവർന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് ഓമനാമ്മയുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതി ഓടിച്ചുവന്ന സ്കൂട്ടർ തിരിച്ചറിയുകയും ചെയ്തു. അന്വേഷണത്തിൽ ഈ സ്കൂട്ടർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽനിന്നും നാലു മാസം മുൻപ് മോഷണം പോയതാണെന്ന് വ്യക്തമായി.

ഇതോടെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയ പരിശോധനയിൽ സ്കൂട്ടർ മോഷ്ടിച്ച് കൊണ്ട് പോയത് വേലു ആണെന്ന് പൊലീസിന് മനസ്സിലായി. തുടർന്ന് വേലുവിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം രാത്രി പൊലീസിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സിദ്ധിക്ക് വേലു മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കണ്ടു. തുടർന്ന് പുറക്കാട് വെച്ച് ഇയാളുടെ വാഹനം തടയുകയും കീഴ്പ്പെടുത്തുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...