ആയുധങ്ങളുമായി എത്തിയാണ് ധർമ്മദാസ് പൊലീസ് ജീപ്പിന്റെ ​ഗ്ലാസുകൾ തകർത്തത്. 

കൊല്ലം: കൊല്ലം ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ചില്ല് അടിച്ചു തകർത്തു. ഭാര്യക്കെതിരെ നൽകിയ സാമ്പത്തിക തർക്ക പരാതിയിൽ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ച് ഭർത്താവാണ് ആക്രമണം നടത്തിയത്. പുതുശ്ശേരി സ്വദേശി ധർമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ അഞ്ചരയോടെയാണ് ധർമ്മദാസ് ചിതറ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കയ്യിൽ കരുതിയ കളമാന്തി ഉപയോഗിച്ച് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് പൊലീസ് ജീപ്പുകളുടെ ചില്ല് അടിച്ചു പൊട്ടിച്ചു. ശബ്ദം കേട്ട് പൊലീസുകാർ എത്തിയതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ധർമ്മദാസിനെ പൊലീസുകാർ ഓടിച്ചിട്ട് പിടികൂടി. പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു.

സാമ്പത്തിക തർക്ക പരാതിയിൽ ഭാര്യയ്ക്കും ഭാര്യാമാതാവിനും എതിരെ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ചാണ് ധർമ്മദാസ് ആക്രമണം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് ചർച്ച നടത്തിയിരുന്നു.

തൻ്റെ ഉടമസ്ഥയിലുള്ള വസ്തു വിറ്റ പണം ധൂർത്തടിക്കാൻ നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു. പണം മക്കളുടെ പേരിൽ നിക്ഷേപിച്ചെന്നും വ്യക്തമാക്കി. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായെന്നും മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് ധർമ്മദാസിൻ്റെ പരാതി.

YouTube video player