കല്‍പ്പറ്റ: മാനന്താവാടി കണിയാരം, കുഴിനിലം പ്രദേശങ്ങളില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തുടര്‍ച്ചയായി പൂച്ചകളെ ചത്ത നിലയില്‍ കണ്ടെത്തിയതോടെ മൃഗസംരക്ഷണ വകുപ്പ് എത്തി പരിശോധന നടത്തി. കണിയാരം ലക്ഷംവീട് പ്രദേശത്ത് ഒരാഴ്ചക്കിടെ എട്ടുപൂച്ചകളും കുഴി നിലത്ത് മൂന്ന് പൂച്ചകളുമാണ് ചത്തത്. 

സംഭവമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍ ഹുസൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃഗസംരക്ഷണവകുപ്പ് എപ്പിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫല്‍ഗുണന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയത്. ചത്ത പൂച്ചകളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്കായി മാറ്റിയിട്ടുണ്ട്. 

വേനല്‍ക്കാലങ്ങളില്‍ വൈറസ് ബാധിച്ച് പൂച്ചകള്‍ ചാവാറുണ്ടെന്നും പ്രാഥമിക നിഗമനം ഇതാണെന്നും ഡോ. ദിലീപ് ഫല്‍ഗുണന്‍ പറഞ്ഞു. അതേ സമയം പൂച്ചകള്‍ ചത്തതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്നെത്തി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുരങ്ങുകള്‍ ചാകുന്നതും പതിവാണ്.