പാലക്കാടും കോട്ടയത്തും ബിജെപി സ്ഥാനാർത്ഥികൾ സ്വന്തം പാർട്ടിക്കെതിരെ പ്രതിഷേധിച്ചു. പോളിംഗ് ദിനത്തിൽ ബൂത്ത് ഏജന്റുമാരോ പ്രവർത്തകരോ ഇല്ലാതെ ഒറ്റപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം.
പാലക്കാട്: സ്ഥാനാത്ഥിയാക്കി എല്ലാവരും മുങ്ങിയതിൽ പ്രതിഷേധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി പ്രവർത്തകർക്ക് എതിരെ പോസ്റ്ററുമായിട്ടായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതിഷേധം. പാലക്കാട് തൃത്താല പഞ്ചായത്തിലെ 14-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനാണ് പോസ്റ്ററുമായി നിന്നത്. എന്നാല്‍, തന്‍റെ ബൂത്തിലിരിക്കാൻ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആൾ ഉണ്ടായിരുന്നെന്ന് മനസിലായതെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം ഉണ്ടായിരുന്നു.
ഏറ്റുമാനൂരിലെ അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ (റെയിൽവേ സ്റ്റേഷൻ) ബിജെപി സ്ഥാനാർഥി ജനജമ്മ ഡി ദാമോദരനാണ് പാർട്ടിക്കെതിരെ പോളിങ് ബൂത്തിന് സമീപം നിൽപ്പുസമരം നടത്തിയത്. റിട്ട. യൂണിവേഴ്‌സിറ്റി ജീവനക്കാരിയാണ് ഇവർ. ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ദിവസം നടന്നപ്പോൾ രാവിലെ വോട്ടർമാരെ കാണുന്നതിനും വോട്ട് അഭ്യർഥിക്കുന്നതിനുമായി ജനജമ്മ ഡി ദാമോദരൻ പോളിംഗ് സ്‌റ്റേഷനിലെത്തിയപ്പോൾ സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റോ ബിജെപി നേതാക്കളോ പ്രവർത്തകരോ ആരും തന്നെ ഉണ്ടായിരുന്നില്ല.
വോട്ടർമാർക്ക് കൊടുക്കാനുള്ള വോട്ടേഴ്സ് സ്ലിപ്പ് പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ സ്വന്തം സ്‌ളിപ്പുപോലും എതിർസ്ഥാനാർഥിയുടെ പ്രവർത്തകരോടാണ് ജനജമ്മ വാങ്ങിയത്. ഒരു പാർട്ടിയിലുമില്ലായിരുന്നതന്നെ ബിജെപി പ്രവർത്തകർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.


