പത്ത് ലിറ്റര്‍ പാല്‍ തരുന്ന പശുവിന് എഴുപത്തയ്യായിരം രൂപയോളം വില വരുമെന്ന് സുബെെദ.

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയില്‍ സൂര്യാഘാതമേറ്റ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി. ആദിക്കാട്ടുകുളങ്ങര തെറ്റിക്കുഴി തെക്കതില്‍ സുബൈദയുടെ കറവപ്പശുവാണ് സൂര്യതാപമേറ്റു ചത്തത്. പശുവിന്റെ പല ശരീരഭാഗങ്ങളും സൂര്യതാപമേറ്റ് കരുവാളിച്ച നിലയിലാണെന്ന് സുബൈദ പറഞ്ഞു. 

'തിങ്കളാഴ്ച രാവിലെ കറവക്കായി എത്തിയപ്പോഴാണ് പശുവിനെ തൊഴുത്തില്‍ ചത്ത നിലയില്‍ കണ്ടത്.' പത്ത് ലിറ്റര്‍ പാല്‍ തരുന്ന പശുവിന് എഴുപത്തയ്യായിരം രൂപയോളം വില വരുമെന്നും പശുവിനെ തീറ്റയ്ക്കായി പുറത്തുകെട്ടാറുണ്ടെന്നും സുബൈദ പറഞ്ഞു. ഏതാനം നാളുകള്‍ക്ക് മുന്‍പും സുബൈദയുടെ രണ്ടു പശുക്കള്‍ സമാന രീതിയില്‍ ചത്തിരുന്നു. സംഭവത്തില്‍ വെറ്റിനറി ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃഗസംരക്ഷണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏറ്റവും നല്ല ക്ഷീര കര്‍ഷകക്കുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയ ക്ഷീരകര്‍ഷകയാണ് സുബൈദ.

അതേസമയം, ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടയ്ക്ക് വിലയിരുത്താനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

'അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, നിയന്ത്രണം വിട്ടു'; 'അത്ഭുതകരമായ രക്ഷപ്പെടല്‍'

YouTube video player