തൃശ്ശൂര്‍: ന​ഗരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി തൃശ്ശൂർ ന​ഗരസഭ. അഞ്ചര കോടി ചെലവിട്ട് 191 ക്യാമറകള്‍ സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരത്തിലെ 56 ഇടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക എന്ന് തൃശ്ശൂർ മേയർ അജിത വിജയൻ പറഞ്ഞു.

നഗരസഭയുടെ പരിധിയിലുളള എല്ലാ പ്രദേശങ്ങളും ക്യാമറാനിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഏത് കമ്പനിക്കാണ് കരാര്‍ നൽകേണ്ടതെന്ന് ആലോചിക്കാൻ മന്ത്രിമാരായ എ സി മൊയ്തീന്റെയും വി എസ് സുനില്‍ കുമാറിന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. പദ്ധതി ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച കമ്പനികളുടെ സിസിടിവി ക്യാമറ സംവിധാനത്തിന്റെ പ്രവർത്തനം വിലയിരുത്തി കരാർ ഏൽപ്പിക്കുമെന്ന് യോ​ഗത്തിൽ തീരുമാനമായതായും മേയർ പറഞ്ഞു.

ഒരു മാസത്തിനകം ന​ഗരത്തിൽ ക്യാമറകൾ സ്ഥാപിക്കും. സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം സ്വരൂപിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും മേയർ കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിക്കുക. കുറ്റകൃത്യങ്ങള്‍ തടയാൻ ഒരു പരിധി വരെ ഈ പദ്ധതിയിലൂടെ  കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസും അറിയിച്ചു.