Asianet News MalayalamAsianet News Malayalam

കോടതി ഉത്തരവുമായി വന്‍ പൊലീസ് സന്നാഹം; തടഞ്ഞ് ആയിരക്കണക്കിന് പേര്‍, ഒടുവില്‍ സംഭവിച്ചത്

ഒരുമണിയോടെ പൊലീസ് സഹായത്തില്‍ ഹിറ്റാച്ചി കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും സമരക്കാര്‍ പ്രതിരോധം തീര്‍ത്തു.

charummoodu locals stopped those who came to soil mining joy
Author
First Published Oct 26, 2023, 9:44 PM IST

ചാരുംമൂട്: കോടതി ഉത്തരവുമായി വന്‍ പൊലീസ് സന്നാഹത്തോടെ മലകളിടിച്ച് മണ്ണെടുക്കുവാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. പാലമേല്‍ ഗ്രാമ പഞ്ചായത്ത് മറ്റപ്പള്ളി കാത്താടേത്ത് കോളനിക്കു സമീപമുള്ള മലകളിടിച്ച് മണ്ണെടുക്കാന്‍ എത്തിയവരെയാണ് തടഞ്ഞത്. മലകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ മാസങ്ങളായി പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തടക്കം കോടതിയെ സമീപിച്ചെങ്കിലും മണ്ണെടുക്കുവാന്‍ കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് വലിയ പൊലീസ് സന്നാഹവും മണ്ണുമാന്തിയന്ത്രങ്ങളുമായി മണ്ണെടുക്കാന്‍ നീക്കം നടന്നത്. 

വിവരമറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നു. അവര്‍ മലയ്ക്ക് താഴെയായുള്ള റോഡില്‍ കുത്തിയിരുന്നു. ഒന്‍പത് മണിയോടെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും ക്യാമ്പുകളില്‍ നിന്നും വനിതാ പൊലീസടക്കം 500ലധികം പൊലീസുകാരും സ്ഥലത്ത് ക്യാമ്പു ചെയ്തതോടെ സംഘര്‍ഷ സാധ്യതയുമേറി. 

സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പിമാരായ ജി അജയനാഥ്, എം കെ ബിനുകുമാര്‍, നൂറനാട് എസ്എച്ച്ഒ പി ശ്രീജിത്ത്, തഹസില്‍ദാര്‍ ഡിസി ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. ഒരുമണിയോടെ പൊലീസ് സഹായത്തില്‍ ഹിറ്റാച്ചി കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും സമരക്കാര്‍ പ്രതിരോധം തീര്‍ത്തു. ഇതിനിടെ എംഎസ് അരുണ്‍കുമാര്‍ എംഎല്‍എയും സ്ഥലത്തെത്തി. എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഡിവിഷന്‍ ബഞ്ച് അപ്പീല്‍ പരിഗണിക്കും വരെ തല്‍സ്ഥിതി തുടരാമെന്ന ധാരണയിലാണ് പൊലീസും സമരക്കാരും പിരിഞ്ഞത്. സമരസ്ഥലത്ത് തയ്യാറാക്കിയ കഞ്ഞിയും കഴിച്ചാണ് സമരക്കാര്‍ മടങ്ങിയത്.

ബോംബെറിഞ്ഞത് ഒന്നിൽ കൂടുതൽ പേരെന്ന വാദം തെറ്റ്; തമിഴ്നാട് ​ഗവർണറുടെ ആരോപണം തള്ളി ഡിജിപി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

Follow Us:
Download App:
  • android
  • ios