ചാരുംമൂട് മേഖലയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അച്ചൻകോവിൽ ആറ് കരകവിഞ്ഞ് ഒഴുകിയാണ് ഇടപ്പോള്‍ ആറ്റുവപ്രദേശത്തെ നൂറോളം വീടുകൾ, പത്തോളം ട്രാന്‍സ്ഫോർമറുകള്‍ എന്നിവ വെള്ളത്തിനടിയിലായി. 130 ഓളം പേരെ മാറ്റി താമസിപ്പിച്ചു.
ചാരുംമൂട്: ചാരുംമൂട് മേഖലയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. താമരക്കുളത്തും, നൂറനാടും, ചുനക്കരയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ താഴ്ന്ന ഭാഗങ്ങളിലാണ് വ്യാപകമായി വെള്ളം കയറിയത്. ചത്തിയറ ഗവ.എൽ.പി.എമ്മിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ അറുപതോളം കുടുംബങ്ങളിൽ നിന്നായി 130 ഓളം പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.
ചുനക്കര തെക്ക് എൻ.എസ്.എസ്.എൽ.പി.സ്കൂളിലാണ് ക്യാമ്പ് തുടങ്ങിയത്. ചുനക്കര അഞ്ചാം വാർഡ് അരീക്കരത്ത് ജംഗ്ഷന് കിഴക്കുള്ള പാടത്തിന് സമീപം താമസിക്കുന്ന പത്തോളം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. അച്ചൻകോവിൽ ആറ് കരകവിഞ്ഞ് ഒഴുകിയാണ് ഇടപ്പോള്‍ ആറ്റുവപ്രദേശത്തെ നൂറോളം വീടുകൾ വെള്ളത്തിനടിയിലായത്.
ഇടപ്പോൺ എച്ച്.എസ്.എസ്, വീരശൈവ ഹൈസ്ക്കൂൾ, ചെറുമുഖ എൽ.പി.എസ് വിവേകാനന്ദ സ്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ആൾക്കാരെ മാറ്റി. കഴിഞ്ഞ ദിവസം രാത്രിയിൽ ആറ്റിലൂടെ വെള്ളം കൂടുതലായി ഒഴുകിയെത്തിയതോടെയാണ് വീടുകൾ വെള്ളത്തിനടിയിൽ ആകുവാൻ കാരണം. തുടർന്ന് വള്ളത്തിലാണ് താമസക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
വിവിധ റോഡുകളിൽ വെള്ളം കയറി ഗതാഗതം പൂർണമായും നിലച്ചു. പന്തളം - നൂറനാട് റോഡിൽ മാവുള്ളതിൽ മുക്ക് ഭാഗം പൂർണമായും വെള്ളത്തിലായി. ചുനക്കര, നൂറനാട് പഞ്ചായത്തുകൾ ചേരുന്ന ചുനക്കര പുഞ്ചയോട് ചേർന്ന ഭാഗം, പടനിലം - തെരുവ് മുക്കം റോഡിലെ ഇടക്കുന്നം ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
ഇടപ്പോൺ പമ്പ് ഹൗസിലും വെള്ളം കയറി. ഇതു മൂലം നൂറനാട്,ചുനക്കര, പാലമേൽ, താമരക്കുളം പഞ്ചായത്തുകളിലേക്ക് കടി വെള്ള വിതരണവും തടസപ്പെടുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും പടനിലം, ഇടപ്പോൺ, തണ്ടാനുവിള ഭാഗങ്ങളിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടമുണ്ടായി. വൈദ്യുതലൈനുകൾ പൊട്ടുകയും തൂണുകൾ ഒടിഞ്ഞു വീണ്ടും നാശനഷ്ടമുണ്ടായി. ഇവിടെ പത്തോളം ട്രാൻസ്ഫോർമറുകൾ വെള്ളത്തിലായി.
