സ്വന്തം ഉടമസ്ഥതയിലുള്ള എൽക്കിൻ എന്ന കമ്പനിയ്ക്ക് കേന്ദ്ര ഊർജമന്ത്രാലത്തിന്‍റെ അംഗീകാരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കേന്ദ്ര ഊർജമന്ത്രാലയത്തിന്‍റെ വ്യാജ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചും വ‌െബ്സൈറ്റ് ഉണ്ടാക്കി ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പരസ്യം നൽകിയുമായിരുന്നു ഇടപാടുകാരെ കണ്ടെത്തിയത്.

കോഴിക്കോട്: കേന്ദ്ര ഊർജ മന്ത്രാല‍യ പദ്ധതിയുടെം‌ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി സ്വദേശി ‌നജീബ്(51) ആണ് അറസ്റ്റിലായത്. സ്വന്തം ഉടമസ്ഥതയിലുള്ള എൽക്കിൻ എന്ന കമ്പനിയ്ക്ക് കേന്ദ്ര ഊർജമന്ത്രാലത്തിന്‍റെ അംഗീകാരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 

ഊർജസംരക്ഷണത്തിന്‍റെ ‌ഭാഗമായി വീടുകൾ തോറും എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നതിനുള്ള കേരളത്തിന്‍റെ അവകാശം തന്‍റെ കമ്പനിയ്ക്കാണ്. ഒരു ജില്ലയിലെ വിതരണാവകാശത്തിന് പത്ത് ലക്ഷം രൂപ നൽകണം. 60 ലക്ഷം രൂപയുടെ ബൾബുകൾ വിതരണത്തിനായി ലഭിക്കുമെന്നും അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്. കേന്ദ്ര ഊർജമന്ത്രാലയത്തിന്‍റെ വ്യാജരേഖകൾ കാണിച്ച് വിശ്വസിപ്പിച്ചും വ‌െബ്സൈറ്റ് ഉണ്ടാക്കി ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പരസ്യം നൽകിയുമായിരുന്നു ഇടപാടുകാരെ കണ്ടെത്തിയത്.

2015 ഓഗസ്റ്റ് മാസത്തിൽ അരകിണർ സ്വദേശിയായ യുവാവിൽ നിന്ന് 40 ലക്ഷത്തോളം രൂപ കേന്ദ്രപദ്ധതിയുടെ പേരിൽ കൈക്കലാക്കുകയും മറ്റനേകം പേരിൽ നിന്നും സമാനരീതിയിൽ ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് ഫിന‌ാൻഷൽ കൺസൾട്ടൻസി എന്നിവ‍യുടെ പേരിലും ചാരിറ്റബിൾ ട്രസ്റ്റുകളുണ്ടാക്കിയും ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. 

പല ബിസിനസുകാരിൽ നിന്നായി വൻ തുകകൾ ഇയാൾ കൈക്കലാക്കിയിട്ടുണ്ടെങ്കിലും മാനകേട് ഭയന്ന് ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. മൂന്ന് വർഷത്തോളമായി ചെന്നൈയിലും ബംഗളൂരുവിലും ഒളിവിൽ കഴിഞ്ഞ ഇയാളെ വടപളനിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നോർത്ത് അസി. കമ്മിഷണർ ഇ.പി. പൃഥ്വിരാജിന്‍റെ നിർദേശപ്രകാരം നടക്കാവ് സിഐ ടി.കെ. അഷ്റഫ്, എഎസ്ഐ അനിൽകുമാർ സിപിഒമാരായ ദിലീഷ്, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വൈക്കം, കളമശേരി, കലൂർ, പനമ്പിള്ളിനഗർ, ഫറോക്ക് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ നജീബിനെ റിമാന്‍റ് ചെയ്തു.