Asianet News MalayalamAsianet News Malayalam

രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന ചെമ്മരങ്കയം തൂക്കുപാലം അപകടത്തില്‍

കാലപ്പഴക്കത്താൽ പാലത്തിന്‍റെ കൈവരികളും സുരക്ഷാവലയും ദ്രവിച്ചു തുരുമ്പിച്ചിരിക്കുന്ന അവസ്ഥയിലാണ് . കമ്പല്ലൂർ, വയക്കര തുടങ്ങിയ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ് ചെമ്മരങ്കയം തൂക്കുപാലം

chemarankayam hanging bridge in risk
Author
Vellarikkundu, First Published Aug 12, 2018, 11:59 PM IST

വെള്ളരിക്കുണ്ട്: കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് കണ്ണൂർ- കാസര്‍കോഡ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചെമ്മരങ്കയം തൂക്കുപാലം അപകടത്തില്‍. കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിനെയും കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ മുണ്ടർകാനം ഭാഗത്ത് മഴയിൽ  സ്ലാബുകൾ തകര്‍ന്നു.

കൂടാതെ, പാലത്തിന്‍റെ അടിയിലെ മണ്ണ് ഇടിഞ്ഞ് വീണിട്ടുമുണ്ട്. അപകടം മുന്നിൽ കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താലൂക്ക്, വിലേജ് അധികൃതരും, അഗ്നിശമനസേനയും  സ്ഥലത്തെത്തി പലത്തിന്‍റെ ഇരുഭാഗങ്ങളും അടച്ച് യാത്ര നിരോധിച്ചിരിക്കുകയാണ്. 1992ലാണ് രണ്ടു ജില്ലകളെ കൂട്ടിയിണക്കി ഇവിടെ തൂക്കുപാലം നിർമ്മിച്ചത്.

കാലപ്പഴക്കത്താൽ പാലത്തിന്‍റെ കൈവരികളും സുരക്ഷാവലയും ദ്രവിച്ചു തുരുമ്പിച്ചിരിക്കുന്ന അവസ്ഥയിലാണ് . കമ്പല്ലൂർ, വയക്കര തുടങ്ങിയ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ് ചെമ്മരങ്കയം തൂക്കുപാലം. വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും ഇരുഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണിത്.

പ്രദേശത്തെ ഇരുനൂറോളം കുടുബങ്ങളും ഈ പാലമാണ് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത്. കടയിൽ നിന്ന് സാധനം വാങ്ങണമെങ്കിൽ അക്കരെ എത്തണം. കുട്ടികൾക്ക് സ്കൂളിൽ പോകാനും മറ്റു മാർഗ്ഗമില്ല. പാലം ഏത്രയും വേഗത്തിൽ  ഉപയോഗയോഗ്യമാക്കണമെന്നാണ്‌ നാട്ടുകാരുടെ  ആവശ്യം.

അടിയന്തര സഹായം നൽകുമെന്ന് എംഎൽഎ

ചെമ്മരങ്കയത്തെ തകർന്ന   തൂക്കുപാലം എം. രാജഗോപാല്‍ എംഎൽഎ സന്ദർശിച്ചു. ദിവസവും വിദ്യാർഥികൾ അടക്കം നൂറുകണക്കിനാളുകൾ കടന്നുപോകുന്ന പാലത്തിന്‍റെ അറ്റകുറ്റപണികൾക്കായി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി സംഭവസ്ഥലത്ത് നിന്ന് തന്നെ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎമ്മിനെ വിളിച്ച് പ്രശ്‍ന പരിഹാരത്തിനാവശ്യമായ കാര്യങ്ങള്‍ അദ്ദേഹം ചർച്ച ചെയ്തു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് തകർന്ന ഭാഗം പുനർനിർമ്മിക്കാൻ ആവശ്യമായ തുക അനുവദിക്കാമെന്ന് എഡിഎം  ദേവീദാസ്‌  അറിയിച്ചതായും എം. രാജഗോപാൽ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios