ചേന്ദമംഗലം: ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്നും പൂക്കൾ എത്താത്തത് അവസരമാക്കി മാറ്റിയിരിക്കുകയാണ് എറണാകുളത്തെ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്. ലോക്ഡൗണിൽ വീടുകളിൽ വിതരണം ചെയ്ത ചെണ്ടുമല്ലി തൈകളിൽ നിന്നും ടണ്‍ കണക്കിന് പൂക്കളാണ് ഇത്തവണ വിളവെടുക്കുന്നത്.

കൈത്തറി മാത്രമല്ല പൂ കൃഷിയും വഴങ്ങും ചേന്ദമംഗലത്തുകാ‍ർക്ക്. കൊവിഡ് കാലത്ത് പൂത്ത് നിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ ഇവരുടെ അതിജീവനത്തിൻറെ കഥ കൂടിയാണ്. ലോക്ഡൗണിലെ വിരസത മാറ്റാൻ തുടങ്ങിയ പൂ കൃഷി വരുമാന മാര്‍ഗം കൂടി ആയതോടെ ചേന്ദമംഗലത്തുകാര്‍ക്ക് ഇരട്ടി സന്തോഷം.

 

വീടുകൾ തോറും പഞ്ചായത്ത് അധികൃതരാണ് തൈകളും വളവും എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന പൂക്കൾ രോഗവ്യാപന സാധ്യത കൂട്ടുമെന്ന മുന്നറിയിപ്പെത്തിയതോടെ ചേന്ദമംഗലത്തെ പൂക്കൾക്ക് ആവശ്യക്കാരേറി. എന്നാൽ എല്ലാവര്‍ക്കും നൽകാൻ പൂക്കൾ തികയുന്നില്ല. മൂന്ന് ടണ്ണിലധികം പൂക്കൾ ഇതുവരെ വിളവെടുത്തു. അടുത്ത വര്‍ഷം കൃഷി വിപുലമാക്കാനാണ് ഇവരുടെ തീരുമാനം.