ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാലയിൽ നിന്നും പഞ്ചലോഹവിഗ്രഹം കടത്തിക്കൊണ്ടുപോയെന്ന കേസിൽ വഴിത്തിരിവ്. സ്ഥാപനത്തിന്റെ  തൊട്ടരികിൽ ഉള്ള കുഴിയിൽ നിന്ന് വിഗ്രഹം കണ്ടെടുത്തു. തൊഴിലാളികളെ ആക്രമിച്ച് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനും സംഘവും വിഗ്രഹം  കടത്തിക്കൊണ്ടുപോയെന്നായിരുന്നു ഉടമകളുടെ പരാതി.

സംഘർഷം നടന്നെങ്കിലും മോഷണം നടന്നതിന് തെളിവില്ലെന്ന് പോലീസ് തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. കേസിലെ ദുരൂഹത നീങ്ങാൻ സ്ഥാപന ഉടമകളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് പറഞ്ഞു. രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്നായിരുന്നു പരാതി. എന്നാൽ ഫൊറൻസിക് സംഘവും വിരളടയാള വിദഗ്ദരും നടത്തിയ പരിശോധനയിൽ മോഷണം നടന്നതിന് വ്യക്തമായ തെളിവുകൾ കിട്ടിയില്ല.

വിഗ്രഹ നിർമാണശാലയിലെ തൊഴിലാളികളും മറ്റൊരു സംഘവുമായി കഴിഞ്ഞ ദിവസം രാത്രിയിൽ ഏറ്റുമുട്ടൽ നടന്നെന്ന് പൊലീസിനും ബോധ്യമായി. ലണ്ടനിലെ ഒരു ക്ഷേത്രത്തിൽ, പ്രതിഷ്ഠയ്ക്കായി കൊണ്ടുപോകാൻ വച്ചിരുന്ന വിഗ്രഹമാണ് മോഷ്ടാക്കൾ കൊണ്ടു പോയതെന്നായിരുന്നു ഉടമകളുടെ മൊഴി. ഒരു മാസമായി അടഞ്ഞു കിടന്ന സ്ഥാപനമാണ്.  സിസിടിവി ക്യാമറകൾ  പ്രവർത്തിച്ചിരുന്നില്ല. അങ്ങനെയുള്ള സ്ഥലത്ത് ഇത്രയും വിലപിടിപ്പുള്ള വിഗ്രഹം സൂക്ഷിച്ചിരുന്നുവെന്ന് പൊലീസ് പൂ‍ർണ്ണമായി വിശ്വസിക്കുന്നില്ല. 

സ്ഥാപനത്തിൽ തൊഴിൽ തർക്കം നിലനിന്നിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ താൽകാലിക ജീവനക്കാരൻ സംഗീതും ഇയാൾക്കൊപ്പമെത്തിയ സംഘവും ഒളിവിലാണ്. പ്രതികളിൽ ഒരാളെയെങ്കിലും കണ്ടെത്താനായാൽ സംഭവത്തിലെ ദുരൂഹത നീക്കാമെന്നാണ് ചെങ്ങന്നൂർ പൊലീസ് പറയുന്നത്.