അങ്ങനെ ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിമാരുടെ പടം ഒരുകാലത്തും ആരും വെച്ചിട്ടില്ല. ഇവിടെ വയ്ക്കണമെന്ന് പറയുന്നത് അല്‍പ്പത്തരം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളുവെന്നും ആരിഫ് കുറിച്ചു
ആലപ്പുഴ: എംപി ഫണ്ടില്‍ ഉള്‍പ്പെടുത്തി ചേർത്തല താലൂക്ക് ആശുപത്രിയിൽ ഒരു അൾട്രാസൗണ്ട് സ്കാനിംഗ് മെഷ്യൻ അനുവദിച്ചതിൽ ബിജെപി നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ എ എം ആരിഫ് എംപി. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പൂർണ്ണമായും എംപിമാർക്ക് നിശ്ചയിക്കാവുന്നതും എംപിമാർ നൽകുന്ന നിർദ്ദേശം അനുസരിച്ച് ജില്ലാ കളക്ടർ ഭരണാനുമതി നൽകി പണം അനുവദിച്ചുമാണ് ഓരോ വികസന പ്രവർത്തനങ്ങളും നടക്കുന്നത്.
ഇതിൽ മറ്റാർക്കും ഒരു പങ്കുമില്ലെന്ന് ആരിഫ് വ്യക്തമാക്കി. ചേർത്തല താലൂക്ക് ആശുപത്രിക്ക് അൾട്രാ സൗണ്ട് സ്കാനിങ് മിഷ്യൻ അനുവദിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ എന്ന് ബോര്‍ഡ് ആശുപത്രിക്ക് മുന്നിലുണ്ട്. നരേന്ദ്ര മോദി വന്നതിനു ശേഷമാണ് എംപി ഫണ്ട് അനുവദിച്ചു തുടങ്ങിയത് എന്ന മട്ടിലാണ് ഉദ്ഘാടന ചടങ്ങളില്‍ ബിജെപി പ്രതിനിധി സംസാരിച്ചത്. ബിജെപിയുടെ പ്രതിനിധിയായി ആശുപത്രി വികസന സമിതിയിലുള്ള ഒരു അംഗം സൂപ്രണ്ടിന്മേൽ സമ്മർദ്ദം ചെലുത്തുകയാണ് നരേന്ദ്ര മോദിയുടെ പടം കൂടി വയ്ക്കണമെന്ന്.
അങ്ങനെ ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിമാരുടെ പടം ഒരുകാലത്തും ആരും വെച്ചിട്ടില്ല. ഇവിടെ വയ്ക്കണമെന്ന് പറയുന്നത് അല്‍പ്പത്തരം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളുവെന്നും ആരിഫ് കുറിച്ചു. തനിക്ക് അനുവദിക്കപ്പെട്ട എംപി ഫണ്ടിൽ നിന്ന് അനുവദിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ ബിജെപി കൗൺസിലർ പോയി നരേന്ദ്ര മോദിയെ കണ്ട് വളരെ കഷ്ടപ്പെട്ട് അനുവദിച്ച് കൊണ്ടുവന്നതാണ് എന്ന മട്ടിലാണ് അവരുടെ പോസ്റ്റ്.
പ്രധാന മന്ത്രിയോ കേന്ദ്ര മന്ത്രി സഭയോ ആർകെങ്കിലും, എന്തെങ്കിലും വിദൂരമായ പങ്കുപോലും ഈ കാര്യത്തിൽ ഇല്ല. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ ആരായിരുന്നാലും, അത് മൻമോഹൻ സിങ് ആയാലും രാജീവ് ഗാന്ധിയായാലും വി പി സിങ് ആയാലും എംപിമാർക്ക് അനുവദിക്കപ്പെട്ട ഫണ്ടാണ്, അത് കൊടുത്തേ പറ്റു. അതിന് ഒരു കഷ്ടപ്പാടും ഒരു കൗൺസിലറും ചെയ്യേണ്ട കാര്യമില്ല. നരേന്ദ്ര മോദിയുടെ ശുപാർശയും ഇതിന് ആവിശ്യമില്ലെന്നും ആരിഫ് എംപി പറഞ്ഞു.
