മാവേലിക്കര: ചെട്ടികുളങ്ങരയിൽ ദിവസങ്ങളായി തുടരുന്ന ആർഎസ്എസ് അക്രമ പരമ്പരകളിൽ മൂന്ന് ആർഎസ്എസുകാർ കൂടി അറസ്റ്റിൽ. ഇതോടെ ചെട്ടികുളങ്ങരയിലെ ആർഎസ്എസ് ആക്രമണങ്ങളിൽ അറ്റസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആറായി. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഡിവൈഎഫ്ഐ പ്രവർത്തകനായ കണ്ണമംഗലം വടക്ക് ചിറയിൽ വീട്ടിൽ രാഹുൽ രാജിനെ ആക്രമിച്ച കേസിൽ പേള ചേങ്കരയിൽ യദു ഭവനത്തിൽ യദുകൃഷ്ണനും (21) സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെ വീടിനു നേരേയുണ്ടായ ആക്രമണങ്ങളിൽ പേള ശിവറാം ഭവനിൽ അമൽ (24), രേവതി നിലയത്തിൽ പ്രണവ്( ശംഭു - 21) എന്നിവരുമാണ് തിങ്കളാഴ്ച (ഇന്ന്) അറസ്റ്റിലായത്. 

സിപിഎം കടവൂർ ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കരിപ്പുഴ കടവൂർ പീടികത്തറയിൽ ക‌ൃഷ‌്ണദാസിന്റെയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം കണ്ണമംഗലം വടക്ക് അമ്പാടിത്തറയിൽ അമ്പാടിയുടെയും വീടുകളാണ് ശനിയാഴ‌്ച രാത്രിയിൽ ആക്രമിച്ചത്. അതിന് മുൻപ് അമ്പാടിയുടെ അമ്മയും ആക്രമണത്തിനിരയായിരുന്നു. കടവൂരിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം അഡ്വ. സജികുമാറിന്റെയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി വിജിത്തിന്റെയും വീടുകൾക്കുനേരെ ഒക‌്ടോബർ ഏഴിന് അർധരാത്രിയുണ്ടായ ആക്രമണമാണ് ഇപ്പോഴത്തെ അക്രമപരമ്പരകളുടെ തുടക്കം. 

പിന്നീട് ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി ക‌ൃഷ‌്ണമ്മയുടെ വീടും ആക്രമിച്ചിരുന്നു. രാത്രി കാലങ്ങളിൽ ബൈക്കുകളിൽ കറങ്ങി നടന്ന് വീടുകൾക്ക് നേരേ ആക്രമണം നടത്തി ഇരുളിൽ മറയുന്ന രീതി ചെട്ടികുളങ്ങരയിൽ ആർഎസ്എസ് പതിവാക്കിയിരിക്കയാണ്. കഴിഞ്ഞ ദിവസം രാത്രി നിരവധി വീടുകൾക്ക് നേരേയാണ് കല്ലേറുണ്ടായത്.