പറവൂർ: സുരക്ഷിതമായ കോഴിയിറച്ചി ജനങ്ങളിൽ എത്തിക്കാൻ പുത്തൻ പദ്ധതിയുമായി കുടുംബശ്രീ. കേരള ചിക്കൻ പദ്ധതിയോടനുബന്ധിച്ച് ചിക്കൻ ബൈബാക്ക് എന്ന പദ്ധതിക്കാണ് കുടുംബശ്രീ തുടക്കമിട്ടത്. കുടുംബശ്രീയുടെ കേരള ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ ഫാമുകളിൽ നൽകിയ ശേഷം നിശ്ചിത വളർച്ച പ്രാപിക്കുമ്പോൾ തിരിച്ചെടുത്ത് വിറ്റഴിക്കുന്നതാണ് ചിക്കൻ ബൈബാക്ക് പദ്ധതി.

നിലവിൽ വിവിധ എജൻസികൾ ഫാമിലെത്തിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ 35 ദിവസം വളർത്തി കൈമാറുമ്പോൾ കർഷകർക്ക് കിലോയ്ക്ക് ആറ് രൂപയാണ് നൽകുന്നത്. കുടുംബശ്രീയുടെ ഈ പദ്ധതിയിലൂടെ തങ്ങൾക്ക് കിലോയ്ക്ക് 13 രൂപ ലഭിക്കുന്നുണ്ടന്ന് കർഷക, റാണി ആൽബർട്ട് പറയുന്നു.

കോഴികൾക്ക് ഇൻഷുറൻസ് പരിരക്ഷ കുടുബശ്രീ ഉറപ്പ് നൽകുന്നുണ്ട്. കോഴി കുഞ്ഞുങ്ങളും മരുന്നും കെബിഎഫ്പിസിഎൽ വഴി ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 92 ഫാമുകളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച് ശുദ്ധമായ പാൽ, മുട്ട, ഇറച്ചി എന്നിവ മാത്രം ലഭിക്കുന്ന ഹൈടെക് സ്റ്റോറുകൾ തുറക്കാനും കുടുംബശ്രീ പദ്ധയിടുന്നുണ്ട്. ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു നഴ്സറി ഫാമെങ്കിലും തുടങ്ങാനാണ് പദ്ധതിയെന്ന് കുടുംബശ്രീ ജില്ലാ കോഡിനേറ്റർ വിജയം വ്യക്തമാക്കി.