കല്‍പ്പറ്റ: വയനാട്ടില്‍ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോഴി ഇറച്ചി വില കിലോക്ക് 165 രൂപയായി പുതുക്കി നിശ്ചയിച്ചു. ഇറച്ചിവില കിലോക്ക് 140 രൂപയായി നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പലയിടത്തും കട തുറന്നിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ 140 രൂപയ്ക്ക് വിറ്റാല്‍ നഷ്ടമാണെന്ന നിലപാട് വ്യാപാരികള്‍ സ്വീകരിച്ചതോടെയാണ് ജില്ലാഭരണകൂടം പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. 

രാവിലെ കലക്ടറേറ്റി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് വിലയില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ കണക്കിലെടുത്ത് വില അമിതമായി വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് അധികൃതരുടെ തീരുമാനം. 140 രൂപ എന്നത് ജില്ലാഭരണകൂടം നിശ്ചയിച്ച വിലയായിരുന്നെങ്കിലും നഷ്ടക്കച്ചവടമാണെന്ന് വ്യാപാരികള്‍ അറിയിക്കുകയായിരുന്നു. പനമരത്ത് വ്യാഴാഴ്ച ഉച്ചയോടെ മിക്ക കോഴിക്കച്ചവടക്കാരും കടകള്‍ അടച്ചു.

കണിയാമ്പറ്റയിലും കമ്പളക്കാടും മൂന്നുദിവസമായി കടകള്‍ തുറന്നിട്ടില്ല. ചെറുകിട കോഴിക്കടകളിലേക്ക് എത്തുന്ന ഒരുകിലോ കോഴിയിറച്ചിക്ക് 120 രൂപയോളം ചെലവുവരുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അവശിഷ്ടങ്ങളും മറ്റും കഴിഞ്ഞാല്‍ 150-നുമുകളില്‍ വില വരും. ജോലി ചെയ്യുന്നവരുടെ കൂലിയും വാടകയും മറ്റും കണക്കാക്കിയാല്‍ 170 രൂപയ്ക്ക് മുകളില്‍ കിലോക്ക് ഈടാക്കിയാലേ നഷ്ടമില്ലാതെ കച്ചവടം നടത്താനാകൂ എന്നാണ് വ്യാപാരികളുടെ നിലപാട്. 

കുറച്ച് നാള്‍ മുമ്പ് പക്ഷിപ്പനിയെത്തുടര്‍ന്ന് കിലോയ്ക്ക് 60 രൂപയായി കോഴിയിറച്ചിവില കൂപ്പുകുത്തിയിരുന്നു. ആ സമയത്ത്  ഇറച്ചിവാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. പിന്നീട് ലോക്ഡൗണിലാണ് ആവശ്യക്കാരേറിയത്. പതിയെ വിലയും കൂടി 160-ല്‍ എത്തി. ഇതോടെ ലോക്ഡൗണിന്റെ മറവില്‍ അമിതലാഭം കൊയ്യുകയാണിവരെന്ന ആക്ഷേപങ്ങളും പരന്നിരുന്നു.
ഈസ്റ്റര്‍, വിഷു പ്രമാണിച്ച് വിപണിയില്‍ കോഴിയിറച്ചിക്ക് ആവശ്യക്കാരേറും. ഇത് മുന്‍കൂട്ടി കണ്ട് കൊണ്ട് കൂടിയാണ് വില പുനര്‍നിര്‍ണയിക്കാന്‍ ജില്ലാഭരണകൂടം തയ്യാറായത്.