എടത്വാ: ജനജീവിതം ദുരിതത്തിലാക്കി എടത്വാ-തകഴി സംസ്ഥാന പാതയില്‍ മരിയാപുരം ജംഗ്ഷന് സമീപം റോഡരുകില്‍ അറവ് മാലിന്യങ്ങള്‍ തള്ളിയ നിലയില്‍. കോഴിവേസ്റ്റും ഹോട്ടല്‍ മാലിന്യങ്ങളുമാണ് റോഡരുകില്‍ വിതറിയ നിലയില്‍ കാണപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് കക്കൂസ് മാലിന്യവും ഇതേ സ്ഥലത്ത് തള്ളിയിരുന്നു. 

മരിയാപുരം മേരിമാത പള്ളിയും നിരവധി കടകളും പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. യാത്രക്കാര്‍ മൂക്കുപൊത്തിവേണം ജംഗ്ഷനില്‍ നില്‍ക്കാന്‍. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ രാത്രികാലങ്ങളില്‍ റോഡ് കേന്ദ്രീകരിച്ച് മാലിന്യ തള്ളുന്നതും സാമൂഹിക വിരുദ്ധശല്യവും ഏറുകയാണെന്ന് പരാതിയുണ്ട്. 

ലോക്ക് ഡൗണിന് മുന്‍പ് തകഴി-എടത്വാ സംസ്ഥാനപാതയിലും എടത്വാ-തായങ്കരി റോഡിലും മാലിന്യം തള്ളുന്നത് നിത്യസംഭവമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയാല്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ എളുപ്പമാണെന്ന് സമീപവാസികള്‍ പറയുന്നു. 

Read more: കക്കൂസ് മാലിന്യം തള്ളിയതിനെ തുടർന്ന് തർക്കം; യുവാവിന് വെട്ടേറ്റു