വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനം നിശ്ചയിച്ചിരുന്നത് വൈകിട്ട് അഞ്ചുമണിക്കായിരുന്നു. അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പരിപാടി കഴിഞ്ഞ് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നുമാണ് നിശ്ചയിച്ചിരുന്നത്. 

തിരുവനന്തപുരം: പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി കൃത്യസമയത്ത് പരിപാടി തുടങ്ങാത്തതിനാല്‍ ഉദ്ഘാടനം ചെയ്യാതെ മടങ്ങി. തിരുവനന്തപുരത്ത് നടന്ന വ്യാപാരി വ്യവസായ സമിതി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതു സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിയ്ക്ക് കാണാനായത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. കിഴക്കേക്കോട്ട നായനാര്‍ പാര്‍ക്കിലെ വേദിക്ക് സമീപമെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കാറില്‍ നിന്ന് ഇറങ്ങാതെ തിരിച്ചുപോവുകയായിരുന്നു.

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനം നിശ്ചയിച്ചിരുന്നത് വൈകിട്ട് അഞ്ചുമണിക്കായിരുന്നു. അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പരിപാടി കഴിഞ്ഞ് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നുമാണ് നിശ്ചയിച്ചിരുന്നത്. 

അഞ്ചുമണിക്കുള്ള പരിപാടിയില്‍ അഞ്ച് പത്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി എത്തി. പക്ഷെ നായനാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നത് പോലീസും മാധ്യമപ്രവര്‍ത്തകരും മാത്രം. പിന്നെ ഗാനമേള നടത്താനുള്ള ഓര്‍ക്കസ്ട്ര സംഘവും. വേദിക്ക് അഭിമുഖമായി വാഹനം വന്ന് നിര്‍ത്തിയതോടെ പോലീസും ഉന്നത് ഉദ്യോഗസ്ഥരും ഓടിയെത്തി. 

ആളുകള്‍ വന്നിട്ടില്ലെന്നും പ്രകടനം വരുന്നതേ ഒള്ളൂ എന്നും പോലീസ് പറഞ്ഞു. മുഖ്യമന്ത്രിയെ സ്വീകരിക്കാനോ പ്രകടനം ഇപ്പോള്‍ എത്തുമെന്ന് പറയാനോ പരിപാടിയുടെ സംഘടകര്‍ ആരും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതോടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങി.