കോഴിക്കോട്: കോഴിക്കോട് സ്കൂള്‍ വാഹനത്തിന്‍റെ അടിയില്‍പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. താമരശ്ശേരി കെടവൂർ പൊടുപ്പിൽ വിനീത് ദീപ്തി ദമ്പതികളുടെ ഒന്നര വയസ്സായ മകൻ ഹൃതിക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ആണ് അപകടം നടന്നത്.

സ്കൂൾ വിദ്യാർഥികളുമായി വന്ന ഓട്ടോയാണ് കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങിയത്. പിന്നില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാതെ ഡ്രൈവര്‍ ഓട്ടോ പിറകോട്ട് എടുക്കുകയായിരുന്നു. വാഹനത്തിന്റെ പിന്നിലായി റോഡിൽ ഇരിക്കുകയായിരുന്ന കുട്ടിയെ ഡ്രൈവര്‍ കണ്ടില്ല. അപകടം നടന്ന ഉടനെ കുട്ടിയെ താമരശ്ശേരി ഹോസ്പിറ്റലിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയ്ക്കിടെ ഇന്ന് രാവിലെ എഴ് മണിയോടെ മരണപ്പെട്ടു. സഹോദരങ്ങൾ: വർഷ, ഹരിഹർഷ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.