ശബരിമല തീര്‍ഥാടനം: ബാലവേലയും ബാലഭിക്ഷാടനവും തടയാന്‍ സ്‌ക്വാഡ്, ലംഘിച്ചാല്‍ കര്‍ശന നടപടി
ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണമെന്ന് കളക്ടർ.

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു നിര്‍ദ്ദേശം നല്‍കി. 1986 ലെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്‌ഫോഴ്‌സിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കണം. അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെയും കുട്ടികളെയും പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണം. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദേശീയ ബാലാവകാശകമ്മിഷന്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 10 വരെ നടത്തുന്ന പാന്‍ ഇന്ത്യ റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കാമ്പയിന്‍ കാര്യക്ഷമമായി ജില്ലയില്‍ സംഘടിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പാതയോരങ്ങളിലെ നിര്‍മ്മാണസാമഗ്രികള്‍ നീക്കം ചെയ്യണം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളിലെ നിര്‍മ്മാണസാമഗ്രികള്‍ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി. മാടമണ്‍ ചമ്പോണ്‍ മുതല്‍ കൂനങ്കര ചപ്പാത്ത് വരെയും പൂവത്തുംമൂട് മുതല്‍ മടത്തുംമൂഴി കൊച്ചുപാലം വരെയും ചേന്നംപാറ മുതല്‍ പെരുനാട് മാര്‍ക്കറ്റ് തുടങ്ങിയവയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെയും പിഡബ്ല്യൂഡി റോഡിലെയും പഞ്ചായത്ത് റോഡിലെയും നിര്‍മ്മാണസാമഗ്രികള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം. പാതയോരങ്ങളില്‍ അപകടകരമായ വിധത്തില്‍ ഇറക്കിയിട്ടിരിക്കുന്ന തടികളും ഗതാഗതത്തിന് കാഴ്ച മറയ്ക്കുന്ന വിധത്തില്‍ റോഡിലേക്ക് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വ്യക്തികള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
യോഗ്യത പ്രീഡിഗ്രി, ജോലി ഏഴു വര്‍ഷമായി 'ഡോക്ടര്‍'; തന്ത്രപരമായി കുടുക്കി ക്രൈംബ്രാഞ്ച്