തിരുവോണം കളറാക്കാൻ തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി അപകട യാത്ര; വൈറലായി, ഒപ്പം പൊലീസും തേടിയെത്തി
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് കണ്ടെത്തിയത്

തിരുവനന്തപുരം: തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി പൊലീസ്. ഡ്രൈവറെയും ജീപ്പും കഴക്കൂട്ടം പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മേനം കുളത്തായിരുന്നു പ്രകടനം. വൈകുന്നേരം നാല് മണിയോടെയാണ് കുട്ടിയുമായി യുവാക്കളുടെ സംഘം നഗരത്തിലൂടെ യാത്ര ചെയ്തത്. തിരുവോണ ദിനത്തിലെ അപകടകരമായ ആഘോഷ പ്രകടനത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് കണ്ടെത്തിയത്. ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടിയെ ബോണറ്റില്‍ ഇരുത്തി യുവാക്കളുടെ സംഘം പല തവണ ജീപ്പ് ഓടിച്ചിരുന്നു.
അതുവഴി പോയ മറ്റ് യാത്രക്കാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കഴക്കൂട്ടം സ്വദേശി അജികുമാറാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമപ്രകാരം അജികുമാറിനെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഓടിച്ച ഡ്രൈവറെയും പൊലീസ് പിടികൂടിയിരുന്നു. എറണാകുളം കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. ബസിലെ പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമായിരുന്നു ഡ്രൈവറുടെ അഭ്യാസം. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ മറ്റ് ജീവനക്കാരും ഡ്രൈവര്‍ക്ക് ഒപ്പം കൂടി. രണ്ടാഴ്ച്ച മുമ്പ് ആഗസ്റ്റ് 14 ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. പിന്നാലെ കാലടി പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം