സമീപത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. 

കൊച്ചി: അമ്മയും ഡോക്ടറായ സുഹൃത്തും ചേർന്ന് ശാരീരിക പീഡനത്തിനിരയാക്കിയതിനെ തുടർന്ന് കുന്നത്തുനാട് ബാലഭവനിൽ പാർപ്പിച്ചിരുന്ന പത്തു വയസ്സുകാരൻ അവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ചു. സംഭവം അറിഞ്ഞെത്തിയ കുന്നത്തുനാട് പൊലീസ് കുട്ടിയെ സമീപത്തെ വീട്ടിൽ നിന്നും കണ്ടെത്തി. വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നാണ് കുട്ടി ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കുട്ടിയെ കീഴില്ലത്തെ ബാലഭവനിലേക്ക് മാറ്റി. തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ വീണ്ടും ഹാജരാക്കും. 

ഒക്ടോബർ 21 നാണ് അമ്മയും സുഹൃത്തായ ഡോക്ടറും ചേർന്ന് മർദ്ദിച്ചതിനെ തുടർന്ന് പത്തു വയസ്സുകാരൻ വീട്ടിൽ നിന്നും രക്ഷപ്പെട്ട് അടുത്ത വീട്ടിൽ അഭയം തേടിയത്. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസ് അവസാനിക്കുന്നത് വരെ കുട്ടിയെ ബാലഭവനിൽ പാർപ്പിക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് നിർദേശം നൽകിയത്. മുമ്പ് താമസിച്ചിരുന്ന ബാലഭവനിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്നാണ് കുന്നത്തുനാട് ബാലഭവനിൽ എത്തിച്ചത്.

പത്തുവയസ്സുകാരനായ മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ വാഴക്കാല സ്വദേശിനിയായ ആശാമോള്‍ കുര്യാക്കോസ് സുഹൃത്തായ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആശാമോളും സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് വീട്ടിനകത്ത് വച്ചാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനം സഹിക്കാനാകാതെ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെന്ന് നേരത്തേ കുട്ടി ചൈല്‍ഡ്ലൈനിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. 

അയല്‍വാസികളാണ് വിഷയം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് തൃക്കാക്കര പൊലീസും കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ്.