തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിലെ ഇരുപതുകുട്ടികളായിരുന്നു ചടങ്ങിലെ മുഖ്യാഥിതികൾ. പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് കേക്ക് മിക്സിങ് സെറിമണിക്ക് തുടക്കം കുറിക്കുന്നത്. ക്രിസ്തുമസിനെ വരവേൽക്കുന്നതിന് മുന്നോടിയായി ഈ ചടങ്ങ് ഇന്നും നടന്നുവരുന്നു
തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ അന്തേവാസികളായ ഇരുപതു കുട്ടി ഷെഫുമാരുടെ നേതൃത്വത്തിൽ കോവളത്ത് കേക്ക് മിക്സിങ് സെറിമണി നടന്നു. കോവളം ലീല റാവിസ് റിസോർട്ടിൽ നടന്ന ക്രിസ്തുമസിന് മുന്നോടിയായുള്ള പരമ്പരാഗത ചടങ്ങിൽ കുട്ടികൾക്കൊപ്പം കോവളം ലീല റാവിസിലെ ഷെഫുമാരും ജീവനക്കാരും പങ്കാളികളായി.
ക്രിസ്തുമസ് തൊപ്പിയും, കൈയ്യുറയും, മേൽവസ്ത്രവും അണിഞ്ഞെത്തിയ തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിലെ ഇരുപതുകുട്ടികളായിരുന്നു ചടങ്ങിലെ മുഖ്യാഥിതികൾ. പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് കേക്ക് മിക്സിങ് സെറിമണിക്ക് തുടക്കം കുറിക്കുന്നത്. ക്രിസ്തുമസിനെ വരവേൽക്കുന്നതിന് മുന്നോടിയായി ഈ ചടങ്ങ് ഇന്നും നടന്നുവരുന്നു.
ക്രിസ്തുമസ് കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഴങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ കൂട്ടി കുഴയ്ക്കുന്ന ചടങ്ങാണ് കേക്ക് മിക്സിങ് സെറിമണി. ശേഷം സൂക്ഷിച്ചു വെക്കുന്ന ഈ മിശ്രിതം ക്രിസ്തുമസ് ആകുമ്പോൾ കേക്ക് നിർമാണത്തിനായി എടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തെ ഭീമൻ ഹോട്ടലുകളിൽ സെലിബ്രിറ്റികളെ മുഖ്യാഥിതികളാക്കി ഉൾപ്പെടുത്തിയാണ് പലപ്പോഴും ഈ ചടങ്ങ് നടത്താറുള്ളത്.
എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ശ്രീചിത്ര ഹോമിലെ കുട്ടികളെ മുഖ്യാഥിതികളാക്കി മറ്റുള്ളവർക്ക് മാതൃക ആകാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നു എന്ന് കോവളം ലീല റാവിസ് ഗ്രൂപ്പ് വ്യക്തമാക്കി. ചടങ്ങിന് ശേഷം ഹോട്ടൽ പരിസരം മുഴുവൻ ചുറ്റികണ്ട കുട്ടികൾക്ക് സ്‌പെഷ്യൽ മധുരപലഹാരങ്ങളും സമ്മാനങ്ങളും ഹോട്ടൽ സമ്മാനമായി നല്‍കി.
