ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഇനി എൽഡിഎഫ് ഭരിക്കും. കോൺഗ്രസിലെ തമ്മിൽ തല്ലും അധികാര തർക്കവും മൂലം യുഡിഎഫ് അംഗങ്ങൾ തന്നെ മുൻകൈ എടുത്ത അവിശ്വാസത്തിലൂടെ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട ചിങ്ങോലിയിൽ എൽഡിഎഫ് അധികാരത്തിലെത്തി.
ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഇനി എൽഡിഎഫ് ഭരിക്കും. കോൺഗ്രസിലെ തമ്മിൽ തല്ലും അധികാര തർക്കവും മൂലം യുഡിഎഫ് അംഗങ്ങൾ തന്നെ മുൻകൈ എടുത്ത അവിശ്വാസത്തിലൂടെ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട ചിങ്ങോലിയിൽ എൽഡിഎഫ് അധികാരത്തിലെത്തി. ഇടതുമുന്നണിക്ക് ആറും കോൺഗ്രസിന് ഏഴും അംഗങ്ങളുളള ഭരണ സമിതിയിൽ സി പി എമ്മിലെ അശ്വതി തുളസി പ്രസിഡന്റായും സി പി ഐ യിലെ എ അൻസിയ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിലെ ശോഭ ജയപ്രകാശിനെതിരെ രണ്ടിനെതിരെ ആറു വോട്ടുകൾ നേടിയാണ് അശ്വതി തുളസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. അവിശ്വാസത്തിലൂടെ പുറത്താക്കിയ പ്രസിഡന്റ് ജി സജിനിയും എസ് അനീഷും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു അനുകൂലമായി വോട്ടു ചെയ്തപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ശോഭ ജയപ്രകാശ് ഉൾപ്പെടെ നാലുപേർ വോട്ട് അസാധുവാക്കി.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐ- യിലെ അൻസിയ ആറു വോട്ട് നേടി വിജയിച്ചു. കോൺഗ്രസിലെ എസ് അനീഷിന് അഞ്ച് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് അംഗങ്ങളായ എസ് സുരേഷ് കുമാറും പദ്മശ്രീ ശിവദാസനും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
കോൺഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ് ജി സജിനിയെയും വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാറിനെയും കഴിഞ്ഞ 21നു അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു.
കോൺഗ്രസ് തന്നെ മുൻകൈ എടുത്തു കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതു അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. ധാരണ പ്രകാരം ജി സജിനി അധികാരം ഒഴിയാൻ തയ്യാറാകാഞ്ഞതാണ് ഭരണം നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. കോൺഗ്രസ് അംഗങ്ങൾ തമ്മിൽ തല്ലും അസഭ്യവർഷവും പഞ്ചായത്തിൽ പതിവായിരുന്നു. തന്മൂലം പഞ്ചായത്തിന്റെ ഭരണം സ്തംഭനാവസ്ഥയിലായിരുന്നു. രമേശ് ചെന്നിത്തല എംഎൽഎയും കോൺഗ്രസ് ഡിസിസി നേതൃത്വവും നിരന്തരം ഇടപെട്ടിട്ടും കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.
Read more: കായംകുളത്ത് ജിംനേഷ്യത്തിന് മുന്നിൽ തൂത്തുവാരുകായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു
