ഇടുക്കി: നീര്‍ച്ചാലുകളും, പുഴയും തോടുമെല്ലാം മാലിന്യങ്ങള്‍കൊണ്ട് നിറയുമ്പോള്‍ മാലിന്യമില്ലാതെ ശുദ്ധമായി ഒഴുകുന്നൊരു പുഴുണ്ട് കേരളത്തില്‍. കേരളാ തമിഴ്‌നാട് അതിര്‍ത്തി വേര്‍തിരിക്കുന്ന ചിന്നാര്‍പുഴ. ചിന്നാര്‍ പുഴയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്ന വിശ്വാസവും ആദിവാസി സമൂഹത്തിനിടിയില്‍ നിലനില്‍ക്കുന്നുണ്ട്. 

മനുഷ്യന്റെ ഇടപെടല്‍ മൂലം ശുദ്ധവായുവും ശുദ്ധജലവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒട്ടും മലിനമാകാതെ ഒഴുകുന്ന ഒരു പുഴയാണ് ചിന്നാര്‍ പുഴ. ചിന്നാര്‍ വന്യജീവി സങ്കേതം, ആനമല കടുവാ സങ്കേതം, ഇരവികുളം ദേശീയോദ്യാനം എന്നീ സംരക്ഷിത വനനമേഖലയില്‍കൂടി ഒഴുകുന്നതിനാലാണ് മാലിന്യമില്ലാതെ ചിന്നാര്‍ നിലനില്‍ക്കാന്‍ പ്രധാന കാരണം. 

ഒപ്പം വനംവകുപ്പിന്റെ വലിയ രീതിയിലുള്ള ശ്രദ്ധയും. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളുടെ പട്ടികയില്‍ ചിന്നാര്‍ലുള്‍പ്പെടുമെങ്കിലും കേരളത്തേയും തമിഴ്‌നാടിനേയും തമ്മില്‍ വേര്‍തിരിക്കുന്നതിനാല്‍ ചിന്നാര്‍ കേരളത്തിന്റെ മാത്രം നദിയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് പാമ്പാറിന്റെ കൈവഴിയെന്നാണ് ചിന്നാറിനെ അറിയപ്പെടുന്നത്. പൊതുമല മലമുകളില്‍ നിന്നും ആരംഭിച്ച് ചിന്നാറും പാമ്പാറും തമ്മില്‍ ചേരുന്ന കൂട്ടാര്‍ വരെയുള്ള ഏകദേശം ഇരുപത് കിലോമീറ്റര്‍ ദൂരം സംരക്ഷിത വനമേഖലയിലൂടെയാണ് പുഴ ഒഴുകുന്നത്. 

കടുത്ത വേനലില്‍ കാട്ടിലെ ജല ശ്രോതസുകൾ വറ്റി വരളുമ്പോള്‍ വന്യജീവികളുടെ ഏക ആശ്രയം കൂടിയാണ്  ചിന്നാര്‍ പുഴ. മാലിന്യമില്ലാതെ ഒഴുകുന്ന പുഴയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്ന വിശ്വാസവും ഗോത്ര നിവാസികള്‍ക്കിടയിലുണ്ട്. ആദിവാസികള്‍ ചിന്നാര്‍ പുഴയെ ദൈവ തുല്യമായിട്ടാണ് കാണുന്നതും സംരക്ഷിക്കുന്നതും.