ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുണ്ടെന്ന് ചിന്ത ജെറോം
കൊച്ചി: മലയാളത്തിന്‍റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുണ്ടെന്ന് യുവജന കമ്മീഷൻ മുന്‍ അധ്യക്ഷ ചിന്ത ജെറോം. വിവാദങ്ങൾ ഉയർന്ന ഘട്ടത്തിലാണ് ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ ആദ്യം കാണുന്നത്. അന്ന് മുതൽ സ്നേഹവും വാത്സല്യവും നൽകി ചേർത്തു നിർത്തുകയാണ് ആ കുടുംബമെന്ന് ചിന്ത ജെറോം ഫേസ് ബുക്കില്‍ കുറിച്ചു.
ചങ്ങമ്പുഴയുടെ കൊച്ചുമകൾ ശ്രീലത ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയപ്പോൾ കാണാമെന്നു പറഞ്ഞിരുന്നു. ഇന്നലെ എറണാകുളത്ത് എത്തിയപ്പോള്‍ ചങ്ങമ്പുഴയുടെ കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിച്ചെന്നും ചിന്ത ജെറോം കുറിച്ചു.
വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതാണെന്ന് ചിന്ത ജെറോം തന്‍റെ ഗവേഷണ പ്രബന്ധത്തിൽ എഴുതിയതോടെയാണ് വിവാദം തുടങ്ങിയത്. പ്രബന്ധത്തിലെ ഈ പിഴവ് വിവാദമായതോടെ സാന്ദർഭികമായി സംഭവിച്ച തെറ്റാണെന്നായിരുന്നു ചിന്തയുടെ മറുപടി. തന്റെ പ്രബന്ധത്തിലെ ആ പരാമർശം നോട്ടപ്പിഴവാണെന്നും ചിന്ത കുറിച്ചു. പ്രബന്ധത്തിലെ ഒരു വരിപോലും കോപ്പിയടിച്ചതല്ലെന്നും ചിന്ത അന്ന് വിശദീകരിക്കുകയുണ്ടായി.
വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ചിന്ത ആവശ്യപ്പെട്ടിരുന്നു. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും ചിന്താ ജെറോം വിശദീകരിക്കുകയും ചെയ്തു. വിമർശനം തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്പോൾ തിരുത്തുമെന്നും അവർ വ്യക്തമാക്കിയിരുന്നു. പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് പ്രബന്ധത്തിൽ നന്ദി പറഞ്ഞതെന്നും ചിന്ത അന്ന് വിശദീകരിക്കുകയുണ്ടായി.
വിവാദമായതോടെ ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ എറണാകുളത്തെ വീട്ടിലെത്തി കണ്ടാണ് ചിന്ത വിശദീകരിച്ചത്. മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത കുടുംബാംഗങ്ങളെ അറിയിച്ചത്. ചങ്ങമ്പുഴയുടെ മകൾ ലളിത അന്ന് ചിന്തയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു.
