തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാനാണ് പുള്ളിമാൻ കടയിൽ കയറിയത്

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരിയിലെ ലൂയിസ് ഫിലിപ്പ് ബ്രാൻഡഡ് വസ്ത്ര വ്യാപാര കേന്ദ്രത്തിലേക്ക് ഓടിക്കയറിയ പുള്ളിമാൻ നാട്ടുകാർക്ക് കൗതുകമായി. ദൊട്ടപ്പൻകുളത്തെ ഷോപ്പിലേക്കാണ് പുള്ളിമാൻ ഓടിക്കയറിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം. തെരുവുനായ്ക്കൾ ഓടിച്ചുകൊണ്ടുവരുന്നതിനിടെ പുള്ളിമാൻ രക്ഷക്കായി കടക്ക് ഉള്ളിലേക്ക് കയറുകയായിരുന്നു.

ഇതിനുനേരെ എതിർവശത്ത് അൽപം മാറിയാണ് കാടുള്ളത്. കൂടാതെ ബീനാച്ചി എസ്റ്റേറ്റും അൽപം മാറിയാണ്. ഇവിടുന്നാകാം പുള്ളിമാൻ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഷോപ്പിനുള്ളിൽ കയറിയ പുള്ളിമാൻ ട്രയൽഎടുക്കുന്ന റൂമിൽ കയറി നിൽക്കുകയായിരുന്നു. തുടർന്ന് ഷോപ്പിലുണ്ടായിരുന്നവർ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് എത്തി വലയിട്ട് പിടിച്ച് പുള്ളിമാനെ കൊണ്ടുപോവുകയായിരുന്നു. പുള്ളിമാൻ കടയിൽ കയറിയത് കാണാൻ നിരവധി ആളുകളും കടയിലേക്ക് എത്തിയിരുന്നു.

വീഡിയോ കാണാം

View post on Instagram

'കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണം'; എരുമകൊല്ലിയിൽ ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാര്‍, പ്രതിഷേധം

അതിനിടെ വയനാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (71) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു എന്നതാണ്. അറുമുഖത്തെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അറമുഖത്തിന്‍റെ മരണത്തിൽ നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലും കാട്ടാനയെ പിടികൂടാനുള്ള കാര്യത്തിലും തീരുമാനമാകാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരുത്താനുള്ള നടപടി സ്വീകരിക്കാമെന്ന ഡി എഫ് ഒയുടെ ഉറപ്പ് നാട്ടുകാര്‍ അംഗീകരിച്ചില്ല. തുടര്‍ച്ചയായ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലത്തെത്തിയ ഡി എഫ് ഒ അജിത് കെ രാമനെതിരെയായിരുന്നു പ്രതിഷേധം. കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. മയക്കുവെടിവെക്കാനുള്ള ശുപാര്‍ശ നൽകാമെന്ന് ഡി എഫ് ഒ അറിയിച്ചെങ്കിലും ഇക്കാര്യം നാട്ടുകാര്‍ അംഗീകരിച്ചിട്ടില്ല. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടക്കം വിഷയത്തിൽ ഇടപെട്ടു. കാട്ടാനയെ മയക്കുവെടിവെക്കാനുള്ള കാര്യത്തിലടക്കം തീരുമാനമെടുക്കാമെന്നും ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ രാത്രിയോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ അനുവദിച്ചു. താല്‍ക്കാലികമായാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം