വാട്‌സ് ആപ്പിലെ സ്വകാര്യ സംഭാഷണം പുറത്തായ വിവാദത്തിലാണ് പ്രസിഡന്റ് ആയിരുന്ന ചൂരപ്പിലാന്‍ ഷൗക്കത്തിന്റെ രാജിയില്‍ കലാശിച്ചത്.

മലപ്പുറം: രൂപീകരിച്ച് 22 വര്‍ഷം പൂര്‍ത്തിയായ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പതിനൊന്നാമത്തെ പ്രസിഡന്റായി തിരുത്തുമ്മല്‍ രാമന്‍ അധികാരമേറ്റു. പ്രസിഡന്റ് ആയിരുന്ന ചൂരപ്പിലാന്‍ ഷൗക്കത്ത് രാജിവച്ച ഒഴിവിലേക്കാണ് കോണ്‍ഗ്രസ് അംഗം രാമനെ തെരഞ്ഞെടുത്തത് . രണ്ട് പതിറ്റാണ്ട് മുമ്പ് കാളികാവ് ഗ്രാമ പഞ്ചായത്ത് വിഭജിച്ചാണ് ചോക്കാട് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചത്. ചോക്കാട് ഗ്രാമപഞ്ചായത്ത് രൂപീകരിച്ച 2000 മുതല്‍ തന്നെ വിവാദങ്ങളും പ്രതിസന്ധികളും വിടാതെ പിന്തുടര്‍ന്നിരുന്നു. ഓരോ ഭരണകാലഘട്ടത്തിലും ഒന്നിലധികം പ്രസിഡന്റുമാര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരത്തില്‍ ഉണ്ടായിട്ടുണ്ട്. മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളും പടല പിണക്കങ്ങളും മാത്രമല്ല, പാര്‍ട്ടികള്‍ക്കുള്ളിലെ പ്രശ്‌നങ്ങളും പഞ്ചായത്തിനെ അലട്ടി. 

ബുധനാഴ്ച പ്രസിഡന്റായി ചുമതലയേറ്റ പതിനൊന്നാമത്തെ പ്രസിഡന്‍റായി ടി രാമന്‍ അധികാരമേറ്റതും വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. വാട്‌സ് ആപ്പിലെ സ്വകാര്യ സംഭാഷണം പുറത്തായ വിവാദത്തിലാണ് പ്രസിഡന്റ് ആയിരുന്ന ചൂരപ്പിലാന്‍ ഷൗക്കത്തിന്റെ രാജിയില്‍ കലാശിച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റായി ടി രാമന് യാദൃശ്ചികമായി ചുമതല വഹിക്കേണ്ടി വന്നത്. ഷൗക്കത്ത് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ് ദിവസങ്ങളോളം ആയെങ്കിലും പുതിയ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസിനകത്ത് ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടലില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയും ഐക്യകണ്‌ഠേന സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയും ചെയ്തു.

22 വര്‍ഷത്തിനിടെ പതിനൊന്ന് പ്രസിഡന്റുമാർ (താല്‍ക്കാലിക പ്രസിഡന്റുമാര്‍ ഒഴികെ) ഉണ്ടായിട്ടുണ്ടെങ്കിലും ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ കാര്യമായി എടുത്ത് പറയാവുന്ന വികസനങ്ങളൊന്നും നടന്നിട്ടില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്തില്‍ കോടികള്‍ മുടക്കി കൊണ്ട് വന്ന ജലനിധി പദ്ധതി പോലും വര്‍ഷം 9 കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാതെ കിടക്കുകയാണ്. പഞ്ചായത്തിന്റേതായ ഒരു ചെറിയ വ്യവസായ പദ്ധതി പോലും ചോക്കാട് പഞ്ചായത്തില്‍ ഉണ്ടാക്കിയിട്ടില്ല.