തിരൂരങ്ങാടി: ഹെൽമെറ്റും സീറ്റ്‌ബെൽറ്റും ധരിച്ച് യാത്രചെയ്യുന്നവർക്ക് സമ്മാനമായി ക്രിസ്മസ് കേക്ക് വിതരണം ചെയ്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. വാഹനാപകടങ്ങൾ മൂലം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മങ്ങലേൽകാത്തിരിക്കുക എന്ന ലക്ഷ്യംവെച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ സാജു എ ബക്കർ പറഞ്ഞു. 

കോടതിവിധി പാലിച്ച് ബൈക്കിൽ പോകുന്ന ഹെൽമറ്റ് വച്ച യാത്രക്കാർ, കാറിൽ സീറ്റ് ബെൽറ്റ് ധരിച്ചവർ, ബസിൽ ടിക്കറ്റ് കൊടുത്ത കണ്ടക്ടർമാർ എന്നിവർക്കെല്ലാം ക്രിസ്മസ് കേക്കുകൾ വിതരണം ചെയ്യുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 

ക്രിസ്മസ്, പുതുവത്സര ആശംസകൾ നേർന്നുകൊണ്ടുള്ള റോഡ് സുരക്ഷാ സന്ദേശ കാർഡുകളും യാത്രക്കാർക്ക് നൽകി. എം വി ഐമാരായ ബെന്നി വർഗീസ്, സുനിൽ ബാബു, ടി പി സുരേഷ് ബാബു, കെ നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് തലപ്പാറ, കക്കാട്, പൂക്കിപ്പറമ്പ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് പരിപാടി ഒരുക്കിയത്.