തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ - ചേര്‍ത്തല റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിലാണ് ഈ വ്യത്യസ്തമായൊരു ക്രിസ്മസ് ആഘോഷം നടന്നത്. 


തൃശ്ശൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ ഇന്നലെ വ്യത്യസ്തമായൊരു ആഘോഷം നടന്നു. വ്യത്യസ്തമായൊരു ക്രിസ്മസ് ആഘോഷം. ആഘോഷത്തിന് മാറ്റുകൂട്ടിയത് ഓടുന്ന കെ എസ് ആര്‍ ടി സി ബസിലെ കേക്ക് മുറിക്കലും പാട്ടും തന്നെ. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ - ചേര്‍ത്തല റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിലാണ് ഈ വ്യത്യസ്തമായൊരു ക്രിസ്മസ് ആഘോഷം നടന്നത്. 

ഓണവും ക്രിസ്മസും അങ്ങനെ ആഘോഷങ്ങളെന്തുമാകട്ടെ എല്ലാം തങ്ങള്‍ ബസില്‍ ആഘോഷിക്കാറുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ജോലി തിരക്ക് കാരണം രാവിലെയും വൈകീട്ടും എപ്പോഴും യാത്രയിലാകും. മൂന്നും നാലും വര്‍ഷം സ്ഥിരമായി ഒരേ ബസില്‍ യാത്ര ചെയ്യുന്നവരുമുണ്ട്. ഓഫീസിലെത്തിയാല്‍ ഓഫീസ് തിരക്കുകള്‍, വീട്ടിലെത്തിയാല്‍ വീട്ടിലെ തിരക്ക്. യാത്രകളിലാണ് അല്പ സമയം ലഭിക്കുന്നത്. അങ്ങനെ ആഘോഷങ്ങളും യാത്രയുടെ ഭാഗമായി. കൊടുങ്ങല്ലൂര്‍ - ചേര്‍ത്തല റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരാകട്ടെ സ്ഥരം യാത്രക്കാരാണ്. എല്ലാ ദിവസവും ഏതാണ്ട് ഒരേ ബസിന് ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും കോളേജിലേക്കും പോകുന്ന സ്ഥിരം യാത്രക്കാര്‍. എല്ലാവര്‍ക്കും മിക്കവരെയും പരസ്പരം അറിയാം. ഏതാണ്ട് ഒരു കുടുംബം പോലെ. അപ്പോള്‍ പിന്നെ ആഘോഷിക്കാന്‍ മറ്റൊരു ഇടം തേടേണ്ടതെന്തിന് എന്ന ചോദ്യത്തില്‍ നിന്നാണ് അവര്‍ ആഘോഷങ്ങളും കെ എസ് ആര്‍ ടി സി ബസിലേക്ക് മാറ്റിയത്. 

ഏഴ് വര്‍ഷമായി നിലനില്‍ക്കുന്ന യാത്രക്കാരുടെ ഒരു ഗ്രൂപ്പ് സ്ഥരമായി ഉണ്ടെന്ന് ബസിലെ കണ്ടക്ടരും പറയുന്നു. ബസ് എപ്പോള്‍ എവിടെ എത്തി എന്നറിയുന്നതിനായി വാട്സാപ്പ് കൂട്ടായ്മയും ഉണ്ട്. ബസിലെ ഏതാണ്ട് അറുപത് ശതമാനം പേരും സ്ഥിരം യാത്രക്കാരാണെന്നും കണ്ടക്ടര്‍ കൂട്ടിച്ചേര്‍ത്തു. കേക്ക് മുറിച്ചും പാട്ട് പാടിയും സാന്‍റാക്ലോസിന്‍റെ വേഷം ധരിച്ചും പരസ്പരം ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറിയും ആനവണ്ടിയിലെ യാത്രക്കാര്‍ തങ്ങളുടെ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കുകയാണ്. 

YouTube video player