വീട്ടിലേക്ക് വരുന്നതും പോകുന്നതും മതിലിൽ പിടിച്ച്;  യാത്ര ചെയ്യാന്‍ വഴിയില്ലാതെ മുപ്പതോളം കുടുംബങ്ങൾ

ചാരുംമൂട്: ദിവസവും വീടുകളിൽ നിന്ന് പുറത്തേക്കും തിരിച്ചും വരണമെങ്കിൽ വല്ല സർക്കസും പഠിക്കേണ്ട ഗതികേടിലാണ് മുപ്പതോളം കുടുംബങ്ങൾ. സഞ്ചാര യോഗ്യമായ ഒരു വഴിയില്ലാതെ ദുരിതത്തിലായിരിക്കുകയാണിവർ. ചുനക്കര പഞ്ചായത്തിൽ ആറാം വാർഡിൽ തെക്കുംമുറി എൻ എസ് എസ് സ്കൂളിന് എതിർവശത്ത് കരിങ്ങാലി പുഞ്ചയുടെ ഓരത്ത് താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളാണ് വഴിയില്ലാത്തതിനാൽ വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്. 

മുന്നൂറു മീറ്ററോളമുള്ള ദുരിത വഴി കടന്നു വേണം ഗതാഗതയോഗ്യമായ വഴിയിലേക്ക് എത്തിച്ചേരാൻ. കേരളത്തിൽ ഒരു പഞ്ചായത്തിലും ഇതുപോലെ ഒരു വഴിയും അതിലൂടെ പോകേണ്ടി വരുന്ന കുടുംബങ്ങളെയും കാണാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ജില്ലയിലെ ഏഴാമത്തെ പട്ടണമായ ചാരുമൂടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാത്രമാണ് ഈ പ്രദേശത്തേക്കുള്ള ദൂരം. കളിയ്ക്കൽ തോടിനും മതിലിനും ഇടയിലൂടെ കഷ്ടിച്ച് ഒരാൾക്ക് നടന്നു പോകാൻ കഴിയുന്നതാണ് ഈ വഴി. ഭൂരിഭാഗവും കൂലിപ്പണിക്കാർ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ഏക വഴിയാണിത്.

കാലൊന്നു തെറ്റിയാൽ തോട്ടിലേക്ക് മറിയും എന്നതിനാൽ മതിലിൽ പിടിച്ച് പതുക്കെ ശ്രദ്ധയോടെ വേണം ഇതുവഴിയുള്ള യാത്ര. ചെറുപ്പക്കാർക്ക് പോലും യാത്ര അത്ര എളുപ്പത്തിൽ അപ്പുറമിപ്പുറം എത്താൻ കഴിയില്ലെന്ന് ചരുക്കം. പ്രായമാവരും, കുട്ടികളും, സ്ത്രീകളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാത്രി കാലങ്ങളിലാണെങ്കിൽ ബാലൻസ് തെറ്റിയാൽ തോട്ടിലേക്കുള്ള വീഴ്ച ഉറപ്പാണ്. 

ഏതാനം ദിവസങ്ങൾക്ക് മുമ്പാണ് വീട്ടമ്മ കാൽ തെറ്റി തോട്ടിൽ വീണ് പരിക്കേറ്റത്. മഴക്കാലത്താണെങ്കിൽ തോട് നിറഞ്ഞു കവിയുന്നതോടെ വഴിയിലൂടെയുള്ള യാത്രയും അസാധ്യമാകും. അടിയന്തിര സാഹചര്യമുണ്ടായാൽ രോഗികളെ എടുത്തുകൊണ്ടോ, കസേരയിൽ ഇരുത്തിയോ മാത്രമേ കൊണ്ടുപോകാൻ കഴിയു. ഒരാൾക്ക് കഷ്ടിച്ച് നടന്നു പോകാൻ കഴിയുന്ന വഴിയിലൂടെ ഇത് എത്രത്തോളം ബുദ്ധിമുട്ടിയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു. 

Read more: ആറ് വയസുകാരനെ വളർത്തുനായ കടിച്ചു, ഉടമയ്ക്ക് പതിനായിരം രൂപ പിഴ, ചികിത്സാ ചെലവും വഹിക്കണം

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ തുടർച്ചയായ അവഗണനയുടെ ഫലമാണ് ഇവരുടെ ദുരിതം. അധികാരികളുടെ മൗനമാണ് ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാറി മാറി വരുന്ന ഭരണാധികാരികളോട് ദുരിതം പറഞ്ഞെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.