ശ്വാസം മുട്ടിച്ചുള്ള മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മോഷണത്തിനിടയിലുള്ള കൃത്യമെന്നാണ് പൊലീസ് നിഗമനം. പുഷ്പലതയുടെ നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിരുന്നു.

കാസർകോട്: കാസർകോട് കുംബഡാജെയിലെ പുഷ്പലതയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചുള്ള മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മോഷണത്തിനിടയിലുള്ള കൃത്യമെന്നാണ് പൊലീസ് നിഗമനം. പുഷ്പലതയുടെ നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിരുന്നു. പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

കുംബഡാജെ അജിലയിൽ തനിച്ച് താമസിക്കുന്ന പുഷ്പലത വി ഷെട്ടിയെ വീട്ടിലെ അടുക്കളയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ 70 വയസ്സുകാരുടെ മുഖത്തും കഴുത്തിലും പാടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകം ആണെന്ന സംശയം നാട്ടുകാരും ബന്ധുക്കളും ഉന്നയിക്കുകയും ചെയ്തു. ഈ സംശയം ശരിവെക്കുന്നതാണ് പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചുള്ള മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശരീരത്തിലെ പരിക്കുകൾ പിടിവലിക്കിടെയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തലുണ്ട്. കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം.

പുഷ്പലതയുടെ നാല് പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിരുന്നു. ഇത് മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് കൊലപാതകമെന്നാണ് നിഗമനം. പുഷ്പലത മരിച്ച ദിവസം അയൽ വീട്ടുകാർ ഉച്ചയ്ക്ക് ഒന്ന് മുതൽ നാല് വരെ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംകാന്തി ആഘോഷത്തിന് ഇവർ പോയ സമയത്താവും കൊലപാതകമെന്നാണ് നാട്ടുകാരുടെ സംശയം. അല്ലെങ്കിൽ ശബ്ദം കേൾക്കുമായിരുന്നെന്നും ഇവർ പറയുന്നു. പ്രദേശത്തെക്കുറിച്ച് അറിയുന്നയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് ബദിയടുക്ക പൊലീസ് നിഗമനം. പ്രതിയെ കണ്ടെത്താൻ ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

YouTube video player