വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിച്ച് കള്ളക്കേസാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലും എസ്.ഐക്ക് എതിരായ കേസ് വ്യാജമാണെന്ന് വ്യക്തമായി.

തൃശൂര്‍: സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആര്‍ ആമോദിനെ നെടുപുഴ സി.ഐ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം. പൊതുസ്ഥലത്ത് മദ്യപിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തെങ്കിലും എസ്.ഐയുടെ രക്തസാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. രക്ത പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു.

പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ചാണ് സി.ഐ. ദിലീപ് കുമാര്‍, എസ്.ഐ ആമോദിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 31ന് സിറ്റിക്കടുത്തുള്ള വടൂക്കരയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അവധിയിലായിരുന്ന എസ്.ഐ വൈകുന്നേരം അഞ്ചരയോടെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയി. ഇതിനിടെ സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്നപ്പോള്‍ വഴിയരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് നെടുപുഴ സി.ഐ. ദിലീപ് ജീപ്പില്‍ എത്തിയത്. 

Read also: അടിച്ച് പൂസ്, വണ്ടി ഹൈവേയിൽ; 'എല്ലാവരും നേരേയല്ലേ ഓടിക്കുന്നത്, ഞാൻ തിരിച്ചോടിക്കാം'; ശേഷം സംഭവിച്ചത്!

മദ്യപാനത്തിനു വന്നതാണോയെന്ന് സി.ഐ ചോദിച്ചു. കടയിലേക്ക് വന്നതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. ജീപ്പില്‍നിന്ന് പുറത്തിറങ്ങിയ സി.ഐ നേരെ തൊട്ടടുത്ത മരക്കമ്പനിക്കുള്ളില്‍ പോയി തെരച്ചില്‍ നടത്തി. അവിടെനിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ഇത് എസ്.ഐ. കഴിച്ചതാണെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിശോധിച്ച ഡോക്ടര്‍ മദ്യത്തിന്റെ മണമില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് രക്തസാമ്പിള്‍ എടുപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു. 

ഒരു ദിവസത്തോളം എസ്.ഐയെ കസ്റ്റഡിയില്‍ വച്ചതായും പരാതി ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന്
സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിച്ച് കള്ളക്കേസാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലും എസ്.ഐ. അവിടെയിരുന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ജീപ്പില്‍ വരുമ്പോള്‍ വഴിയരികില്‍ എസ്.ഐ. ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് സി.ഐയുടെ ഒപ്പം ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും മൊഴിനല്‍കി. 

എന്നാല്‍ ഇതിനകം എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം സംസ്ഥാന, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ സിറ്റി പോലീസ് കമ്മിഷണര്‍ പൂഴ്ത്തിയെന്നാരോപിച്ച് എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ എസ്.ഐ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്