വാഹന പരിശോധന നടത്തി വരവേ കൈ കാണിച്ച് നിർത്താതെ പോയ കാറിനെ പിന്തുടരുകയും സിവിൽ സ്റ്റേഷന് മുൻവശം വച്ച് തടഞ്ഞു നിർത്തി കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു
തിരുവനന്തപുരം: കാട്ടാക്കടയിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെഇഎംയു) നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രാജീവ് (57), അനൂപ് (35) എന്നിവർ അറസ്റ്റിലായി. വാഹന പരിശോധന നടത്തി വരവേ കൈ കാണിച്ച് നിർത്താതെ പോയ കാറിനെ പിന്തുടരുകയും സിവിൽ സ്റ്റേഷന് മുൻവശം വച്ച് തടഞ്ഞു നിർത്തി കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് പ്രതികളെയും തൊണ്ടി മുതലുകളും നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി.
കെഇഎംയു സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി ബി ഷാജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ എം വിശാഖ്, അജയൻ. കെ സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, പ്രശാന്ത് ലാൽ, ആർ രാജീവ്, ഹരിപ്രസാദ് എന്നിവർ ഉണ്ടായിരുന്നു. അതേസമയം, മലപ്പുറം ചേളാരിയിൽ 7.5 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശി ഷണ്മുഖ ദാസൻ(38 വയസ്സ്) ആണ് പിടിയിലായത്.
പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷനൂജ് കെടിയും സംഘവുമാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച യമഹ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി ബിജു, കെ പ്രദീപ് കുമാർ, എം രാകേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പാറോൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പി എം.ലിഷ എന്നിവരും ഉണ്ടായിരുന്നു.
