എറണാകുളം: എറണാകുളം എളംകുളത്ത് കെട്ടിടം പണിക്കായി കൊണ്ടുവന്ന ഗ്ലാസ് ഇറക്കുന്നതിന് സിഐടിയു തൊഴിലാളികൾ അമിതനിരക്ക് ആവശ്യപ്പെട്ടതായി പരാതി. പന്ത്രണ്ടായിരം രൂപയുടെ ഗ്ലാസ് ഇറക്കുന്നതിന് മുപ്പത്തിനാലായിരം രൂപ കൂലി ചോദിച്ചതായാണ് പരാതി. ഇതേതുടർന്ന് ഉടമസ്ഥനും ഭാര്യയും ചേർന്ന് ലോഡ് ഇറക്കി. 

എന്നാൽ സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ആരോപണമാണിതെന്നാണ് സിഐടിയു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. പന്ത്രണ്ടായിരം രൂപയ്ക്കാണ് കെട്ടിട ഉടമ അരവിന്ദൻ കലൂരിൽ നിന്നും ഗ്ലാസ് ഷീറ്റുകൾ വാങ്ങിയത്. കലൂരിൽ നിന്നും എളംകുളത്ത് ഇതെത്തിച്ചപ്പോൾ ഗ്ലാസ് ഷീറ്റുകൾ വണ്ടിയിൽ നിന്നും ഇറക്കുന്നതിന് സ്ക്വയർ ഫീറ്റിന് 25 രൂപ നിരക്കിൽ സിഐടിയു തൊഴിലാളികൾ പണം ആവശ്യപ്പെട്ടതായി അരവിന്ദൻ ആരോപിക്കുന്നു. സ്വന്തം തൊഴിലാളികളെ കൊണ്ട് ലോഡിറക്കാൻ സിഐടിയുക്കാർ സമ്മതിച്ചില്ലെന്നും അരവിന്ദൻ പറയുന്നു. തുടർന്നാണ് അരവിന്ദനും ഭാര്യയും ചേർന്ന് ലോഡിറക്കിയത്.

എന്നാൽ ഇത്തരത്തിലൊരു തർക്കം ഉണ്ടായിട്ടില്ലെന്നാണ് സിഐടിയു എളംകുളം യൂണിറ്റ് സെക്രട്ടറി പ്രസാദ് പറഞ്ഞത്. ഗ്ലാസ് ഇറക്കുന്നതിന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച തുക 7 മുതൽ 10 രൂപ വരെയാണെന്നും സെക്രട്ടറി പറഞ്ഞു.