സമയക്രമം പാലിക്കുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് ബസിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഒരു ഡ്രൈവര്‍ തന്റെ ബസ് അടുത്ത ബസില്‍ ബോധപൂര്‍വം ഇടിച്ചു കയറ്റുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കോഴിക്കോട്: ആരും ശ്വാസമടക്കിപ്പിടിച്ച് കണ്ടുപോകുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം മാവൂര്‍ ബസ് സ്റ്റാന്റിന് സമീപത്തെ സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങളായി പുറത്തുവന്നത്. സമയക്രമം പാലിക്കുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് ബസിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഒരു ഡ്രൈവര്‍ തന്റെ ബസ് അടുത്ത ബസില്‍ ബോധപൂര്‍വം ഇടിച്ചു കയറ്റുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുകൊണ്ടും അവസാനിക്കാതെ സ്റ്റാന്റില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ തവണയും അതേ ബസില്‍ തട്ടിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് 4.30ഓടെ മാവൂര്‍ ബസ് സ്റ്റാന്റിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുഹബത്ത്, മലബാര്‍ എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷമാണ് ബസുകളുടെ ഇടിയില്‍ കലാശിച്ചത്. വൈകീട്ട് 4.25ഓടെ ബസ് സ്റ്റാന്റിലേക്ക് പ്രവേശിച്ച മുഹബത്ത് ബസ് അവിടെയുണ്ടായിരുന്ന മലബാര്‍ ബസിന് കുറുകെ നിര്‍ത്തിയിടുകയായിരുന്നു. ഇവിടെ തന്നെ യാത്രക്കാരെ ഇറക്കിയ ശേഷം ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വീണ്ടും മാര്‍ഗ്ഗതടസ്സമുണ്ടാകുന്ന തരത്തില്‍ മുഹബത്ത് ബസ് പുറകോട്ടെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് സംഭവങ്ങള്‍ കൈവിട്ടു പോയത്. 

മലബാര്‍ ബസിലെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്ത് മുഹബത്ത് ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇത് സംഭവിക്കുന്നതിന് തൊട്ടു മുന്‍പ് ഒരാള്‍ ഇരു ബസുകളുടെയും ഇടയില്‍ കൂടി കടന്നു പോകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. തലനാരിഴക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സമയത്ത് രണ്ട് ബസിലും യാത്രക്കാരുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവരും യാത്രക്കാരും ബഹളം കേട്ട് ഓടി കൂടിയതോടെ മുഹബത്ത് ബസ്, സ്റ്റാന്റില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെയെത്തിയ മലബാര്‍ ബസ് വീണ്ടും ഇടിപ്പിക്കുകയായിരുന്നു.

കൈയ്യാങ്കളി രൂക്ഷമായതോടെ മാവൂര്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാരായ പാഴൂര്‍ പള്ളിപ്പറമ്പില്‍ ഫാസില്‍(21), കണ്ണിപ്പറമ്പ് എളമ്പിലാശ്ശേരി മുഹമ്മദ് ഷഹദ്(23) എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 283, 279 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

നാട് വിട്ടു പോയ 10 ക്ലാസുകാരനിൽ നിന്ന് സെലിബ്രിറ്റി 'ആൾദൈവം'; സന്തോഷ് മാധവന്റെ വളർച്ചയും തളർച്ചയും ഇങ്ങനെ

YouTube video player