പൊലീസ് ലാത്തിവീശിയതിനെ തുടർന്ന് ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ദഫ് മുട്ട് മത്സരത്തിന്റെ വിധി നിർണയത്തിൽ അപാകതയെന്ന് ആരോപിച്ചുള്ള പ്രതിഷേധമാണ് സംഘർഷത്തിനിടയാക്കിയത്.

തൃശ്ശൂർ: കേച്ചേരി അൽ അമീൻ നടക്കുന്ന കുന്നംകുളം ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം. പൊലീസ് ലാത്തിവീശിയതിനെ തുടർന്ന് ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ദഫ് മുട്ട് മത്സരത്തിന്റെ വിധി നിർണയത്തിൽ അപാകതയെന്ന് ആരോപിച്ചുള്ള പ്രതിഷേധമാണ് സംഘർഷത്തിനിടയാക്കിയത്. വേദിയിൽ കയറി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയത്. സംഘർഷത്തിന് പിന്നാലെ ഇന്നത്തെ പരിപാടികള്‍ നിര്‍ത്തിവെച്ചു.

കുന്നംകുളം ഉപജില്ലാ കലോത്സവത്തിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ദഫ്മുട്ട് മത്സരഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിന് കാരണമായത്. പ്രധാന വേദിയായ കേച്ചേരി അൽ അമീൻ സ്കൂളിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഒരു വിഭാഗം ആളുകള്‍ സ്‌റ്റേജിലെ മൈക്കും, മറ്റ് സാധന സാമഗ്രികളും അടിച്ച് തകര്‍ത്തു. ഇതോടെയാണ് പൊലീസ് ലാത്തിവീശിയത്. ദഫ്മുട്ട് മത്സര ഫലം വിധി കർത്താക്കൾ പ്രഖ്യാപിച്ചതോടെയായിരുന്നു തർക്കം. ആതിഥേയത്വം വഹിച്ച സ്കൂളിനായിരുന്നു വിജയം. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാൻ ഒരു വിഭാഗം സ്റ്റേജിൽ കയറി മൈക്രോഫോൺ എടുത്ത് വിധി കർത്താക്കൾക്ക് നേരെ അസഭ്യം പറയുകയായിരുന്നു. ഇതോടെയാണ് കൂട്ടത്തല്ലുണ്ടായത്. പിന്നാലെ പൊലീസ് ലാത്തിവീശി. 

നേരത്തെ ഹൈസ്‌കൂള്‍ വിഭാഗം വട്ടപാട്ട് മത്സരഫലത്തെ ചൊല്ലിയും തര്‍ക്കവും, സംഘര്‍ഷവും നടന്നിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.മൊയ്തീന്‍ തര്‍ക്കമുന്നയിച്ചവരോട് പരാതിയുണ്ടെങ്കില്‍ എഴുതി തരാന്‍ ആവശ്യപ്പെടുകയും ചര്‍ച്ചയ്ക്ക് ക്ഷണിക്കുമായിരുന്നു. തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.എ.രാജുവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍ സംഘര്‍ഷത്തിന് ശ്രമിച്ചവരെ സ്‌കൂള്‍ അതണത്തില്‍ നിന്നും മാറ്റി ഒന്നര മണിക്കൂറിന് ശേഷമാണ് ഹയര്‍ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരം പുനരാരംഭിച്ചത്. ഇതിന് ശേഷം നടന്ന ദഫ്മുട്ട് മത്സരം പൂര്‍ത്തിയായതോടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്