വയനാട്ടിൽ നടു റോഡിൽ ആയുധങ്ങളുമായി സ്വർണ്ണക്കടത്ത് സംഘത്തിന്റെ ഏറ്റുമുട്ടൽ: നാല് പേരെ കൂടി അറസ്റ്റ് ചെയ്ത് വൈത്തിരി പൊലീസ്

കല്‍പ്പറ്റ: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നാല് പേരെ കൂടി വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ അരീക്കോട് മൂര്‍ക്കനാട് നടുത്തൊടിക വീട്ടില്‍ എന്‍.ടി. ഹാരിസ്(29), അരീക്കോട് കരിക്കാടന്‍ വീട്ടില്‍ ഷറഫൂദ്ദീന്‍(38), കരിക്കാടന്‍ വീട്ടില്‍ കെ.കെ. ഷിഹാബ്ദീന്‍ (35), ഉരങ്ങാട്ടേരി കാരാത്തോടി വീട്ടില്‍ കെ.ടി. ഷഫീര്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഇക്കഴിഞ്ഞ എഴിന് രാവിലെ പൊഴുതന പെരുങ്കോടയില്‍ വെച്ചാണ് ഇരുസംഘങ്ങളും ഏറ്റമുട്ടിയത്. മലപ്പുറം സ്വദേശിയായ ശിഹാബില്‍ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത് ചോദിക്കാന്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്. റാഷിദ് സഞ്ചരിച്ച കാറിനെ ഏട്ടംഗ സംഘം ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. 

റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തിയതോടെ ഇരു കൂട്ടരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍, ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ മലപ്പുറത്ത് നിന്നെത്തിയ സംഘത്തിലെ കാ ര്‍ഡ്രൈവറായ എന്‍ടി ഹാരിസിനെ റാഷിദും സംഘവും പിടികൂടി വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് അതിക്രൂരമായി മര്‍ദിക്കുകയുയായിരുന്നു. 

പിന്നീട് പൊലീസെത്തിയാണ് യുവാവിനെ രക്ഷിച്ചത്. ഹാരിസിന്റെ പരാതി പ്രകാരം റാഷിദിനെയും കൂട്ടാളികളെയും സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് നാല്‌പേര്‍ കൂടി പിടിയിലായിരിക്കുന്നത്.

സ്വർണം തട്ടിയെടുത്തതിൽ വിരോധം, സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, 6 പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം