അമ്മയും അച്ഛനും ജോലിക്ക് പോയിരുന്നതിനാൽ അമ്പാടിയുടെ അമ്മൂമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കണ്ട് ഇവർ ബഹളം വച്ചതോടെ അയൽക്കാർ ഓടിയെത്തി

ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താംക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം 'ശിവ'ത്തിൽ കണ്ണന്‍റെയും ഗംയുടെയും മകൻ അമ്പാടി(15)യെയാണ് കഴിഞ്ഞ ദിവസം രാവിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു അമ്പാടി.

രാവിലെയായിട്ടും അമ്പാടിയെ മുറിയിൽ നിന്ന് പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. അമ്മയും അച്ഛനും ജോലിക്ക് പോയിരുന്നതിനാൽ അമ്പാടിയുടെ അമ്മൂമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കണ്ട് ഇവർ ബഹളം വച്ചതോടെ അയൽക്കാർ ഓടിയെത്തി. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്. 

കുട്ടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടില്ല. അമ്പാടിയുടെ മൊബൈൽ ഫോൺ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ശാന്തികവാടത്തിൽ സംസ്കാരം നടന്നു.

Read More : കൊല്ലത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)