മൂന്നാറിലെ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എ‍ഞ്ചി.കോളേജില്‍ ക്ലാസുകള്‍ തുടങ്ങി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 13, Sep 2018, 9:18 PM IST
classes begins munnar eng college
Highlights

എഞ്ചിനിയറിംഗ് കോളേജ് കെട്ടിടത്തിലെ ഒമ്പത് മുറികളാണ് ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിട്ടുനല്‍കിയിട്ടുള്ളത്. പണി പൂര്‍ത്തിയാകാത്ത മെക്കാനിക്കല്‍ വര്‍ക്ഷോപ്പ് കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചിരിക്കുന്നത്.

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇനി മൂന്നാര്‍ എ‍ഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കും. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗവ.ആര്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍ ആരംഭിച്ചത്. ദേവികുളം എം.എല്‍.എയുടെ നേത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ ഉച്ചയോടെയാണ് ക്ലാസ്സുകള്‍ തുടങ്ങാനായത്. 

എഞ്ചിനിയറിംഗ് കോളേജ് കെട്ടിടത്തിലെ ഒമ്പത് മുറികളാണ് ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിട്ടുനല്‍കിയിട്ടുള്ളത്. പണി പൂര്‍ത്തിയാകാത്ത മെക്കാനിക്കല്‍ വര്‍ക്ഷോപ്പ് കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. 22 കാസ്സു മുറികള്‍ ആവശ്യമുള്ളയിടത്ത് ആറു മുറികളിലാണ് പഠനം. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസ്സുകള്‍ നടത്തുക. മൂന്നു മാസത്തെ താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് ക്ലാസ്സുകള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 

എഞ്ചിനിയറിംഗ് കോളേജില്‍ കെട്ടിടത്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നറിഞ്ഞ് വ്യാഴാഴ്ച രാവിലെ തന്നെ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ എത്തിയെങ്കിലും കെട്ടിടത്തിനുള്ളിലേയ്ക്ക് കടത്താതെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെട്ടിടത്തിന്റെ പ്രവേശന ഭാഗത്ത് പ്ലക്കാര്‍ഡുമായി കുത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. ഇതോടെ പൊലീസെത്തി.  ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്.വിജയകുമാര്‍ തുടങ്ങിയ ജനപ്രതിനിധികളും വിദ്യാര്‍ത്ഥികളെ കാണാനെത്തി. 

എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുമായി എം.എല്‍.എ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോളേജ് കെട്ടിടം നല്‍കുന്നതോടെ തങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ കുറയുമെന്ന ആശങ്ക എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികളോട് പങ്കുവെയ്ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മൂന്നുമാസത്തേക്കാണ് ആര്‍ട്‌സ് കോളേജ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ രണ്ട് കോളേജ് പ്രിന്‍സിപ്പിള്‍മാരും കരാറില്‍ ഒപ്പുവെയ്ക്കണമെന്ന് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ കരാറുണ്ടാക്കാനാവില്ലെന്നും  പകരം നടന്ന സംഭവങ്ങളും ചര്‍ച്ചകളും മിനിറ്റ്സ് ആക്കുമെന്നും ജനപ്രതിനിധികള്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. കോളേജിന്റെ പ്രവര്‍ത്തനം മൂന്നുമാസത്തേക്ക് മാത്രമായി ചുരുക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുമെന്നുള്ള  എം.എല്‍.എയുടെ ഉറപ്പിനെ തുടര്‍ന്നാണ്  ക്ലാസ്സുകള്‍ തുടങ്ങാനായത്. നാല്‍പ്പത്  ദിവസങ്ങള്‍ക്കു ശേഷമാണ് മൂന്നാര്‍ ഗവണ്‍മെന്റ് ആര്‍ട്സ് കോളേജിലെ 450 ഓളം വരുന്ന കുട്ടികളുടെ പഠനം തുടരുന്നത്. കഴിഞ്ഞ ജൂലൈ 16 ന് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലിലാണ് കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ട്സ് കോളേജ് കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നത്. 

loader