തിരുവനന്തപുരം: സ്പാര്‍ക്ക് പേ സ്ലിപ്പില്‍ തിരുത്തല്‍ വരുത്തി വ്യാജരേഖ സൃഷ്ടിച്ച സാമൂഹ്യനീതി ഡയറക്ടറേറ്റിലെ ക്ലാര്‍ക്ക് എസ് ഡി അരുണ്‍രാജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഈ സ്ഥാപനത്തില്‍ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന ചന്ദ്രബാബുവിന്റെ സ്പാര്‍ക്ക് പേ സ്ലീപ്പില്‍ തിരുത്തല്‍ വരുത്തി, കരാറടിസ്ഥാനത്തില്‍ എടുത്തിട്ടുള്ള വാഹനത്തിന്‍റെ ഡ്രൈവറായ വി പി ശ്രീജേഷിന്‍റെ പേരില്‍ വ്യാജരേഖ ചമച്ചതിനാലാണ് സസ്‌പെന്‍ഡ് ചെയ്തത്.

അരുണ്‍രാജ് തന്‍റെ ഔദ്യോഗിക കമ്പ്യൂട്ടറില്‍ നിന്നാണ് വ്യാജരേഖ സൃഷ്ടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായി. ബിംസ് റസീപ്റ്റിലും തിരുത്തല്‍ വരുത്തി വ്യാജരേഖ സൃഷ്ടിച്ചിരുന്നു. സര്‍ക്കാരിന്‍റെ ഔദ്യോഗിക സംവിധാനത്തിലൂടെ ലഭിക്കുന്ന സ്പാര്‍ക്ക് രേഖകളില്‍ തിരിമറി നടത്തി വ്യാജരേഖ സൃഷ്ടിച്ചതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് അരുണ്‍രാജിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.